റെയിൽവേയിൽ സ്റ്റേഷനിൽ തിരക്ക് കുറയും ; അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും

റെയിൽവേയിൽ സ്റ്റേഷനിൽ തിരക്ക് കുറയും ; അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും

  • കൂടുതൽ ടിക്കറ്റുകൾ വിൽക്കില്ല,ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും

ന്യൂഡൽഹി: മഹാ കുംഭമേളയ്ക്കെത്തിയ തീർഥാടകരുടെ തിരക്കിനെ തുടർന്ന് ന്യൂഡൽഹി റയിൽവേ സ്‌റ്റേഷനിൽ 18 പേർ മരിച്ചതിന് പിന്നാലെ റയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ പദ്ധതിയുമായി ഇന്ത്യൻ റയിൽവേ. സൗകര്യം കുറഞ്ഞ സ്റ്റേഷനുകളിൽ തീവണ്ടികൾ എത്തുംവരെ കാത്തിരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും. തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്.
ആദ്യഘട്ടത്തിൽ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക.

ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, പട്ന എന്നീ സ്റ്റേഷനുകളിൽ പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ട്രെയിൻ എത്തിയാൽ മാത്രം യാത്രക്കാരെ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കൺഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും.അനധികൃത എൻട്രി പോയിന്റുകൾ സീൽ ചെയ്യും.രാജ്യത്ത് ആകെ 8,000ലധികം റെയിൽവേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ തന്നെ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചു.തിരക്ക് കുറയ്ക്കാൻ 12 മീറ്റർ വീതിയും 6 മീറ്റർ വീതിയും സ്റ്റാൻഡേർഡ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകൾ വികസിപ്പിച്ചതായും റയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളിൽ റെയിൽവേക്ക് വാർ റൂമുകൾ ഉണ്ടാകും. പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സർവിസ് സീനിയർ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷൻ ഡയരക്ടർമാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതൽ, ഉയർന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷൻ ഡയരക്ടർമാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാൻ ഇവർക്ക് അധികാരം നൽകും.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പുതിയ യൂണിഫോം നൽകും. അംഗീകൃത വ്യക്തികൾക്ക് മാത്രം സ്റ്റേഷനിൽ പ്രവേശിക്കാവുന്ന തരത്തിൽ ജീവനക്കാർക്കും സർവിസ് നടത്തുന്നവർക്കും പുതിയ ഐ.ഡി കാർഡ് നൽകും. പുതിയ ഡിസൈൻ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വോക്കിടോക്കികൾ, അനൗൺസ്മെന്റ് സംവിധാനങ്ങൾ, കോളിങ് സംവിധാനങ്ങൾ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )