
റെയിൽവേയുടെ ‘സ്വറെയിൽ’ ആപ്പെത്തി
- ഇനി എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ
ന്യൂഡൽഹി : റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ് പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ‘സ്വറെയിൽ’ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പതിപ്പ് പുറത്തിറക്കിയത്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമെത്തിയത്.
പരീക്ഷണാടിസ്ഥാനത്തിലായതുകൊണ്ട് തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

റിസർവ് ചെയ്യുന്നതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകൾ, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സൽ ബുക്കിങ്, ട്രെയിൻ അന്വേഷണങ്ങൾ, പി.എൻ.ആർ അന്വേഷണങ്ങൾ, റെയിൽമദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.തടസ്സമില്ലാത്ത സേവനങ്ങൾ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയിലൂന്നിയാണ് പുതിയ ആപ്പ്’ തയാറാക്കിയതെന്ന് റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യുട്ടീവ് ഡയറക്‌ടർ ദിലീപ്കുമാർ പറഞ്ഞു. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്ത സൂപ്പർ ആപ്പ്, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചിരിക്കുകയാണ്