
റോഡ് നിയമലംഘനം; പിഴകൾ വർധിപ്പിച്ച് കേന്ദ്രം, ഫോൺ ഉപയോഗിച്ചാൽ ഇനി 5,000
- മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടി വരും
റോഡ് നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിച്ച് കേന്ദ്രസർക്കാർ. പിഴകളെല്ലാം കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ,കുട്ടി ഡ്രൈവർമാർക്ക് 25,000 രൂപ പിഴ,വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടി വരും. അല്ലെങ്കിൽ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതിൽ വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

മാർച്ച് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പിടിക്കപ്പെട്ടാൽ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവർത്തിച്ചാലുള്ള പിഴ 1,500 ൽ നിന്ന് 15,000 രൂപയായാണ് വർധിപ്പിച്ചത്. പിഴയടച്ചില്ലെങ്കിൽ 2 വർഷം തടവ്.ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ അടക്കണ്ട പിഴ 100 രൂപയിൽ നിന്ന് 1,000 രൂപയാക്കി. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും വകുപ്പുണ്ട്. കാറുകളിലും മറ്റും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിഴ 1,000 രൂപയാണ്. ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗത്തിനും കൂടുതൽ പിഴ നൽകണം. 500 ൽ നിന്ന് 5,000 രൂപയായാണ് പിഴ ഉയർത്തിയത്.