ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം

  • വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് 25 വരെ പേരു ചേർക്കാൻ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെ പേരുചേർക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിക്കേ ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേരുചേർക്കാം.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ പേര് ചേര്‍ക്കാവുന്നതാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകുക. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ തുടര്‍ നടപടികള്‍ക്കായി voters.eci.gov.in ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് ക്രീയേറ്റ് ചെയ്തിട്ടു വേണം ലോഗിന്‍ ചെയ്യേണ്ടത്.

ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാം. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) വേണ്ട വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി നൽകി അപേക്ഷ സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ നൽകണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകണ്ട.

ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് കൂടാതെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻപിആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപി /എംഎൽഎ / എംഎൽസി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്തവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )