
ലോക്സഭാ സ്പീക്കറായി ഓം ബിർള, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
- ഓം ബിർലയെ സ്‌പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി
ന്യൂഡൽഹി:പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കർ പദവിയിലെത്തുന്നത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനാൽ ശബ്ദ വോട്ടെടുപ്പാണ് നടന്നത്. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി.
ഓം ബിർലയെ സ്‌പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി. പിന്നീട് സഭ ശബ്ദ വോട്ടോടെ പാസാക്കി. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിന് പരിഗണിച്ചില്ല.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യ മുന്നണി യോഗത്തിൽ
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. ഇതുസംബന്ധിച്ച് സോണിയ ഗാന്ധി പ്രോടെം സ്‌പീക്കർക്ക് കത്ത് നൽകി.
കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. ഇത്തവണ ലോക്സഭയിൽ 100 സീറ്റുകളാണ് കോൺഗ്രസിന് മാത്രമായി ലഭിച്ചിട്ടുള്ളത്. ബിജെപി കോട്ടകളായ പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഇത്തവണ ലോക്‌സഭയിലേക്ക് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. വയനാട്ടിൽ നിന്നും ഒപ്പം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി പിന്നീട് വയനാട്ടിൽ നിന്നുള്ള എംപി സ്ഥാനം രാജിവച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.