
വടകരയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
- ഒറീസ സ്വദേശി റോഷൻ മെഹർ ഝാർഖണ്ഡ് സ്വദേശി ജയ്സറഫ് എന്നിവരാണ് പിടിയിലായത്
വടകര:വടകര റെയിൽവേ സ്‌റ്റേഷനിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഒറീസ സ്വദേശി റോഷൻ മെഹർ (27), ഝാർഖണ്ഡ് സ്വദേശി ജയ്സറഫ് (33) എന്നിവരാണ് പിടിയിലായത്. റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് ഡിവൈഎസ്‌പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വടകര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും പിടികൂടിയത് ചെന്നൈയിൽ നിന്നും വരുന്ന ട്രെയിനിൽ നിന്നാണ്. കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഉള്ളത്. കുറ്റ്യാടി, ചേലക്കാട് ഭാഗങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ്.

വടകര എസ്എച്ച്ഒ സുനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐ രഞ്ജിത്ത്, എസ്ഐ ബിജു വിജയൻ, ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ ഷാജി, എഎസ്ഐ ബിനീഷ്, സിപിഒ ശോഭിത് ടി.കെ, സിപിഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഇവരെ ഹാജരാക്കും.