
വടകര പുതിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക്
- ദേശീയപാത നിർമാണത്തെ തുടർന്നാണ് വടകര പുതിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്
വടകര:ദേശീയപാത നിർമാണം കാരണം വടകര പുതിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ഉയരപ്പാതയ്ക്ക് പൈൽ അടിക്കാൻ പുതിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ കുഴി എടുത്തതോടെയാണ് ഈ ഭാഗത്ത് ഗതാഗത തടസ്സം രൂക്ഷമാവുന്നത്.
കൂടാതെ ജംക്ഷനോടു ചേർന്ന് രണ്ടു ഭാഗം പൈൽ അടിക്കാൻ അടച്ചതും സമീപത്ത് ഓട പണിയാൻ കോൺക്രീറ്റ് ചെയ്യുന്നതും കാരണം ജംക്ഷനിൽ വീതി തീരെ കുറഞ്ഞു. ഇതോടെ ദേശീയ പാതയിലും തിരുവള്ളൂർ, എടോടി റോഡിലും വാഹനക്കുരുക്ക് രൂക്ഷമായി.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസ്, ഹോം ഗാർഡുമാർ എന്നിവർ ചേർന്നു ഗതാഗത നിയന്ത്രിച്ചെങ്കിലും തിരക്കിനു കുറവില്ല. നിർമാണം നടക്കുന്ന ഭാഗത്ത് നിന്ന് ഉയരുന്ന കടുത്ത പൊടി ശല്യവും പ്രശ്നമാകുന്നു. റോഡിന്റെ കുറെ ഭാഗം അടച്ചതു കൊണ്ട് ഇവിടെ ഓട്ടോ സ്റ്റാൻഡും ഇല്ലാതായി. ബസ് സ്റ്റാൻഡ് പരിസരത്ത് വാഹന പാർക്കിങ് സ്ഥലവും നഷ്ടപ്പെട്ടു.
വൈകുന്നേരങ്ങളിൽ രൂക്ഷമായ വാഹന കുരുക്ക് കാരണം പുതുപ്പണം മുതൽ മടപ്പള്ളിവരെ ഗതാഗതം മണിക്കൂറുകളോളം ഇഴഞ്ഞു നീങ്ങി. 2 കിലോമീറ്റർ ദൂരം പിന്നിടാൻ അര മണിക്കൂറിലേറെ സമയെടുക്കുന്ന അവസ്ഥയാണ് . ദേശീയ പാതയ്ക്ക് അനുബന്ധമായുള്ള ഇട റോഡുകളിലും ഇതു മൂലം ഗതാഗതക്കുരുക്കുണ്ടാവുന്ന സ്ഥിതിയാണ് .