
വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
- വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ ഇന്ന് കളത്തിലിറങ്ങും
വയനാട്: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകൾ. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെയാണ് മുന്നണികൾ . വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ കളത്തിലിറങ്ങും പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടർ മാർച്ചുകളും നടക്കും. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്കൊപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.

എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
