
വയനാട്ടിലേയ്ക്ക് 3.67 കി.മീ റോപ് വേ വരുന്നു
- ചെലവ് 100 കോടി
തിരുവനന്തപുരം: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) പദ്ധതി നടപ്പാക്കാൻ കെഎസ്ഐഡിസിക്ക് സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ് വേ പദ്ധതി നടപ്പാക്കാൻ പോവുന്നത്.

വെസ്റ്റേൺ ഘാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ഒക്ടോബർ 20ന് ചേർന്ന സംസ്‌ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിലാണ് റോപ്‌വേ പദ്ധതി നിർദേശം മുന്നോട്ടുവച്ചത്. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലിൽ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) എംഡിക്കു നിർദേശം നൽകിയിട്ടുണ്ട്. 2024 ജൂൺ 16ന് ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഒരേക്കർ ഭൂമി കൈമാറാൻ തയാറാണെന്ന് അറിയിച്ചിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിലാണ് പിപിപി മാതൃകയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ കെഎസ്ഐഡിസിക്ക് അനുമതി നൽകി ഉത്തരവിറക്കിയത്. ഭൂമി റവന്യു വകുപ്പിനും തുടർന്ന് കെഎസ്ഐഡിസിക്കും കൈമാറുന്നതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.