
വയനാട് ഉരുൾപൊട്ടൽ ; ദുരന്തബാധിതർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
- പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല
ചൂരൽ മല :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നതിൻ്റെ ആശങ്ക ഉയർത്തിക്കാണിച്ച് ദുരന്തബാധിതർ കമ്മിറ്റി രൂപീകരിച്ചു. സ്ഥിരമായിട്ടുള്ള പുനരധിവാസവും ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതിയും അനിശ്ചിതമായി നീണ്ടുപോകുമെന്ന ആശങ്കയിൽ, ആവശ്യങ്ങൾ സർക്കാരിൻ്റെ മുന്നിൽ അറിയിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിയ്ക്കുകയാണ് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർ.

സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാര്യങ്ങളും വായ്പകൾ എഴുതിത്തള്ളുന്നതിലെ നടപടികൾ നീളുന്നതും ദുരന്തബാധിതരെ
ആശങ്കയിലാഴ്ത്തുകയാണ്. ഉരുൾപൊട്ടലുണ്ടായി 81 ദിവസം കഴിഞ്ഞിട്ടും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല.എല്ലാം പ്രതിസന്ധിയിലാകുമെന്ന ഭയമുണ്ടെന്നും സമൂഹത്തോടും സർക്കാരിനോടും കാര്യങ്ങൾ പറയാനും നടപടിയുണ്ടാകാനും വേണ്ടി ഒരു ശബ്ദം വേണമെന്നുമുള്ള നിലയിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം നടപടികൾ വൈകരുതെന്നും അതിൽ പ്രതികരിക്കുമെന്നും ദുരന്തബാധിതർ ചൂണ്ടിക്കാട്ടി.