
വയനാട് ഉരുൾപൊട്ടൽ; മരണം 19
- സഹായം ലഭിക്കാൻ 9497900402, 0471 2721566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. ഉരുൾപൊട്ടലിന്റെയും കടുത്ത മഴയുടെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു.സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും ഉടൻ വയനാട്ടിലേക്ക് എത്തും.
എയർലിഫ്റ്റിങ് സാധ്യതകളും ഉപയോഗപ്പെടുത്തും . പുഴ ശക്തമായി ഒഴുകുന്നതിനാൽ അപകടം നടന്ന സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.