വയനാട് തുരങ്കപാത; ഭോപാൽ ആസ്ഥാനമായുള്ള കമ്പനിക്ക് കരാർ

വയനാട് തുരങ്കപാത; ഭോപാൽ ആസ്ഥാനമായുള്ള കമ്പനിക്ക് കരാർ

  • 1341 കോടിയുടെ നിർമാണ കരാർ

തിരുവമ്പാടി :വയനാട്ടിലേക്കുള്ള തുരങ്ക പാതയ്ക്ക് വീണ്ടും ഗ്രീൻ സിഗ്നൽ. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങുന്നു . പദ്ധതിയുടെ നിർമാണക്കരാർ നൽകുന്നതിനുള്ള ടെൻഡർ ഇന്നലെ തുറന്നിരുന്നു. ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽകോൺ കമ്പനിക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്.
1341 കോടി രൂപയ്ക്കാണ് കരാർ. നിർമാണക്കരാറിനായി 13 കമ്പനികളാണ് ടെൻഡർ നൽകിയിരുന്നത്.

ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്ര കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 80.4 കോടി രൂപയാണ് കരാർ. ടെൻഡർ തുറന്ന സാഹചര്യത്തിൽ കരാർ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു .

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവാസാനിക്കുന്നതാണ് നിർമിക്കുന്ന തുരങ്ക പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്താണ് തുരങ്കം തുടങ്ങുക . 8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്ത് മീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട ക്രോസ് വേകളുണ്ടാകും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്.

തുരങ്കപാതയ്ക്ക് 2022 ഫെബ്രുവരിയിലാണ് സംസ്ഥാനസർക്കാരിൻ്റെ പുതുക്കിയ അന്തിമഭരണാനുമതി ലഭിക്കുന്നത്. 2043.74 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമാണമേൽനോട്ടം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )