വയനാട് പുനരധിവാസം: കേന്ദ്രവായ്‌പ വിനിയോഗിക്കാൻ ഡിസംബർ 31 വരെ സമയം
- കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനൽകിയെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ
കൊച്ചി: മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനൽകിയെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ അറിയിച്ചു. മാർച്ച് 31 എന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പുനരധിവാസത്തിലെ വായ്പ വിനിയോഗതിൻ്റെ സമയപരിധിയിൽ വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാത്തതിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായാണ് കോടതി വിമർശിച്ചത്. കാര്യങ്ങൾ നിസാരമായി എടുക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഡിവിഷൻ ബെഞ്ച് കേന്ദ്രത്തെ ഓർമിപ്പിച്ചു.

പുനരധിവാസവുമായി ബന്ധപ്പെട് കേന്ദ്രം അനുവദിച്ച വായ്പക്ക് മാർച്ച് 31 ആയിരുന്നു സമയപരിധി നിശ്ചയിച്ചത്. ഇത് പ്രായോഗികമല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യഥാസമയം സത്യവാങ്മൂലം നൽകാത്തതിനാണ് ഡിവിഷൻ ബഞ്ച് കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് ക്ഷുഭിതരായത്.കലക്കവെള്ളത്തിൽ മീൻ പിടിക്കരുത് എന്ന് ഓർമിപ്പിച്ച കോടതി, ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ ഹൈകോതിയുടെ മുകളിലാണോ എന്നും ചോദിച്ചു. വായ്പാ വിനിയോഗത്തിന്റെ തീയതി മാർച്ച് 31ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റിയെന്ന് കേന്ദ്രം കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകാനും കോടതി കർശന നിർദേശം നൽകി.