
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം
- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്.
ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ കേന്ദ്രസഹായം. കേരളം 2221 കോടി ആവശ്യപ്പെട്ട സ്ഥാനത്താണിത്. അതേസമയം, 2022-ലെ പ്രളയം, ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനത്തിന് അസമിന് 1270.78 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2025-26 വർഷത്തിൽ എസ്‌ഡിആർഎഫിലേക്കായി 27 സംസ്ഥാനങ്ങൾക്കായി 13578. 80 കോടി രൂപയും എൻഡിആർ എഫിലേക്ക് 12 സംസ്ഥാനങ്ങൾക്ക് 2024.04 കോടി രൂപയുമാണ് അനുവദിച്ചത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്. സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് (എസ്‌ഡിആർഎഫ്) കേന്ദ്രം അനുവദിച്ചുനൽകിയ ഫണ്ടിന് പുറമെയാണിതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വയനാട് പുനരുദ്ധാരണ, പുനർനിർമാണത്തിന് 2221 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യം കേന്ദ്രത്തെ നേരിട്ട് ബോധിപ്പിക്കുകയും ചെയ്തിരുന്നു.
