
വയലാർ -മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധം തിരിച്ചറിഞ്ഞ കവി
എഴുത്ത്;നെല്ലിയോട്ട് ബഷീർ
ഏറെ കാലം പിന്നിട്ടിട്ടും വയലാറിന്റെ പാട്ടുകൾ മനുഷ്യരുടെ ആത്മാവിനൊപ്പം ജീവിക്കുന്നു. വാക്കുകൾകൾക്ക് ജീവൻ നൽകിയ കവിയായിരുന്നു അദ്ദേഹം.മനുഷ്യന്റെ ഹൃദയത്തിൽ എന്നും സംഗീതം പൊഴിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് വയലാറിന്റെ പാട്ടിലൂടെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.ശ്രേഷ്ഠരായ നിരവധി കവികളാല്‍ അനുഗ്രഹീതമാണ് മലയാള ഭാഷയെങ്കിലും അവരില്‍ ചിലര്‍ മാത്രമേ മനുഷ്യരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളു. എഴുത്തിലൂടെ സാധാരണ ജനങ്ങളുടെ മനസ്സില്‍ ഇടംനേടി കാലാതീതമായി ജീവിച്ച കവിയാണ് വയലാർ.ആ അപൂര്‍വതയായിരുന്ന വയലാര്‍ രാമവര്‍മ്മ എന്ന പ്രിയകവിയുടെ തൂലിക നിലച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
വയലാര്‍ ഗാാനങ്ങളുടെ ഈരടികള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ മലയാളിക്ക് ചുരുക്കമായിരിക്കും.രണ്ടായിരത്തോളം സിനിമ ഗാനങ്ങളും നിരവധി കവിതകളും അദ്ദേഹത്തിന്റെ രചനയിൽ ജീവിതഗന്ധിയായി മാറിയിട്ടുണ്ട്. മനുഷ്യനെയും അവന്റെ ജീവിതത്തെയും കുറിച്ചായിരുന്നു വയലാര്‍ നിരന്തരം എഴുതിയിരുന്നത്. ഭക്തിയെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും ഒരുപോലെ എഴുതിയ എത്ര എഴുത്തുകാര്‍ നമുക്കുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ക്രാന്തദര്‍ശിയായ കവിയായിരുന്നു അദ്ദേഹം. ഇന്നും കാലാതീതമായി ആ വരികള്‍ നില്‍ക്കുന്നത് അത്കൊണ്ട് തന്നെ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയലാര്‍ പാടിയ പല കാര്യങ്ങളും പിന്നീട് യാഥാര്‍ഥ്യമായി നാം കണ്ടു. മനുഷ്യന്‍ സൃഷ്ടിച്ച മതവും ജാതിയും മണ്ണും മനസ്സും പങ്കുവെയ്ക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കല്ലിനെ തൊഴുന്നവരോട് നിങ്ങള്‍ കല്‍പ്പണിക്കാരെ മറക്കരുതേ എന്ന് വയലാര്‍,അത് ഇന്നായിരുന്നു എഴുതിയതെങ്കില്‍ എന്നോര്‍ക്കാന്‍പോലും നമുക്കാവില്ല. അന്ധവിശ്വാസത്തെയും വര്‍ഗീയതയെയും എതിര്‍ക്കുമ്പോഴും ദൈവവിശ്വാസത്തിന്റെ മാനവിക തലങ്ങളെക്കുറിച്ചും വയലാര്‍ നിരന്തരം എഴുതി. മനുഷ്യപക്ഷത്തായിരുന്നു എന്നും വയലാര്‍.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ട് യാഥാർഥ്യബോധത്തെ അഴിച്ചുപണിയുന്ന ഒന്നാണ്. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ആത്മബലമുള്ള കേന്ദ്രസ്ഥാനത്തുനിന്ന് ദൈവത്തിനെ മനുഷ്യർ പുറത്താക്കുകയാണ്. മനുഷ്യൻ എക്കാലത്തെയും വലിയ സ്രഷ്ടാവാകുന്നു. മതങ്ങൾക്ക് മനുഷ്യന്‍ മേലുള്ള അധീശത്വത്തെ വയലാർ ഈ പാട്ടിൽ വിമർശനാത്മകമായി സമീപിക്കുന്നു.ഇവിടെ ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളാകുന്നു. തെരുവിൽ മരിക്കുന്ന മനുഷ്യനെക്കണ്ട് ചിരിക്കുന്ന മതങ്ങളെ വയലാർ,പാട്ടിന്റെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കുകയായിരുന്നു.ലോകത്തെ മുഴുവനും മനുഷ്യൻ ഇച്ഛാനുസരണം മാറ്റിപ്പണിയുകയാണ്.മതങ്ങളുടെ നിഗൂഢവും നിശ്ചേതനവുമായ ലോകങ്ങൾക്കുമപ്പുറം മനുഷ്യസാധ്യതകളുടെ ഒരു ചരിത്രം ഉണർന്നുവരുന്നുണ്ട്. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടിൽ ഈ ലോകവും അതിലെ സമസ്തവും മനുഷ്യനിർമിതമാണെന്ന വിളംബരമാണ്. ദൈവകേന്ദ്രിതമായൊരു ലോകത്തിന്റെ പൊളിഞ്ഞുവീഴൽ അവിടെ സംഭവിക്കുന്നു.
മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മതം.നാടക ഗാനങ്ങളിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയും വയലാർ മാറ്റത്തിന്റെ മാറ്റൊലിയുയർത്തി.1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാന്‍ വേണ്ടി രചിച്ച ‘ ബലികുടീരങ്ങളേ…’ എന്ന ഗാനം കേരളത്തിലെ അധ്വാനവര്‍ഗ മുന്നേറ്റങ്ങളുടെ ഉണര്‍ത്തുപാട്ടായി മാറി. ഇത് പിന്നീട് നാടകത്തിലും ഉപയോഗിച്ചു.തലയ്ക്കു മീതെ ശൂന്യാകാശം….., പാമ്പുകൾക്ക് മാളമുണ്ട്……, ശർക്കര പന്തലിൽ തേന്മഴ ചൊരിയും….. തുടങ്ങിയ വയലാറിന്റെ നാടക ഗാനങ്ങളിൽ ചിലത് മാത്രം.ഒരു വ്യാഴവട്ടക്കാലം കൊണ്ട് തന്റെ കാവ്യകലാ പ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരള സംസ്കാര പൈതൃകത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയ കവി മലയാള ഭാഷയ്ക്ക് ഉണ്ടായിട്ടില്ല. സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം തന്റെ പ്രൗഢോജ്ജ്വലമായ സാന്നിധ്യം കേരള സമൂഹത്തെകേൾപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു മലയാള സിനിമാ സംഗീത മേഖലയിൽ അസൂയാവഹമായ ഒരു വളർച്ചക്കാണ് അദ്ദേഹം കാരണഭൂതനായത്. മലയാളസിനിമാ സംഗീതന്റെ സുവർണകാലം എന്ന് നമുക്ക് നിസ്സംശയം പറയാവുന്ന ശില്പിതന്നെയാണദ്ദേഹം.കവിയും ഗാനരചയിതാവും സാമൂഹിക ചിന്തകനുമായ വയലാർ,മലയാളിയുടെ മനസ്സിൽ ഇന്നും പാടിക്കൊണ്ടിരിക്കുന്ന അനശ്വര ശബ്ദമാണ്. അരനൂറ്റാണ്ട് മുമ്പ് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടവാങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ വരികൾ ഇന്നും മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. മലയാള ഗാനത്തിനും കവിതയ്ക്കും തത്ത്വചിന്തയ്ക്കും നൽകിയ സംഭാവനകൾ അദ്ദേഹത്തെ നിത്യമായിത്തീർത്തിരിക്കുന്നു.
1928 മാർച്ച് 25 ന് ആലപ്പുഴ ജില്ലയിലെ ചെമ്പോളി ഗ്രാമത്തിലാണ് വയലാർ രാമവർമ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ കവിതയോടും സംഗീതത്തോടും അതിയായ ആകർഷണം പ്രകടിപ്പിച്ച അദ്ദേഹം, ഗ്രാമീണ ജീവിതത്തിലെ യഥാർത്ഥ ചിത്രങ്ങൾ തന്റെ രചനകളിൽ പകർത്തി.ബാല്യകാല ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും,അദ്ദേഹം അതിൽ നിന്നാണ് തന്റെ വാക്കുകൾക്ക് കരുത്ത് കണ്ടെത്തിയത്. വായനയും പഠനവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയ വിനോദങ്ങൾ. ജീവിതത്തോട് അടുക്കി നിൽക്കുന്ന ധാരാളം അനുഭവങ്ങളാണ് അദ്ദേഹത്തെ പിന്നീട് ജനമനസ്സിന്റെ കവിയാക്കി തീർത്തത്.വയലാറിന്റെ കവിതകൾ വെറും വാക്കുകളുടെ കളിയല്ല; അവ ജീവിതത്തിന്റെ സംഗീതമാണ്.മനുഷ്യന്റെ വേദനയും പ്രതീക്ഷയും വിപ്ലവവും പ്രണയവും എല്ലാം അതിൽ കലർന്നിരിക്കുന്നു.“മഴ പെയ്യട്ടെ, ആകാശം തുറന്നുപോകട്ടെ,
പുതിയൊരു ലോകം പിറക്കട്ടെ,
മനുഷ്യൻ മനുഷ്യനാകട്ടെ.”
ഇങ്ങനെയുള്ള വരികളിൽ കാണുന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ മറ്റെല്ലാ കവികളിൽ നിന്നും വേറിട്ടതാക്കുന്നത്.
1950കളിൽ മലയാള സിനിമയിൽ വയലാറിന്റെ വരവോടെ സംഗീതലോകം തന്നെ മാറിമറിഞ്ഞു. “ചന്ദ്രലേഖ”യിലൂടെയാണ് ആദ്യമായി ഗാനരചനയിലെത്തിയത്. 1956ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ… എന്ന ഗാനമെഴുതിക്കൊണ്ടാണ് വയലാർ മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചത്.പിന്നീടങ്ങോട്ട് ഗാനലോകത്തെ നിത്യവിസ്മയമായി നിലകൊണ്ടു.തുടർന്നത് മലയാള സിനിമാസംഗീതലോകത്ത് ഒരു ചരിത്രം തന്നെ രചിക്കുകയായിരുന്നു. ജി ദേവരാജനുമായുള്ള
കൂട്ടുകെട്ട് മലയാള ചലച്ചിത്രസംഗീതത്തിന് സ്വർണയുഗം സമ്മാനിച്ചു. ആ കാലഘട്ടം ഇന്നും സംഗീതപ്രേമികൾ അഭിമാനത്തോടെ ഓർമ്മിച്ചു കൊണ്ടേയിരിക്കുന്നു.വയലാറിന്റെ പാട്ടുകൾ കേൾക്കുമ്പോൾ അതിൽ നാം ജീവിക്കുന്നു.“ഭാരതമേ ഉണരൂ, ഉണരൂ മഹാമനസേ”എന്ന വരികൾ ദേശസ്നേഹത്തിന്റെ സംഗീതമായി മുഴങ്ങുന്നു. വയലാറിന്റെ ഓരോ ഗാനം മനുഷ്യനെ ചിന്തിപ്പിക്കുന്നു, ഉണർത്തുന്നു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വ വയലാർ ഒരു കവി മാത്രമായിരുന്നില്ല,രാഷ്ട്രീയ പ്രവർത്തകനായും വയലാർ ശ്രദ്ധേയനായിരുന്നു. ഇടതുപക്ഷ ചിന്താഗതിയോട് അടുപ്പം പുലർത്തിയ അദ്ദേഹം, സമൂഹത്തിലെ അനീതിയെയും ചൂഷണത്തെയും തന്റെ ഗാനങ്ങളിലൂടെ എതിർത്തു. തൊഴിലാളി പ്രസ്ഥാനങ്ങൾക്കും കർഷക സമരങ്ങൾക്കും പ്രചോദനമായ നിരവധി പാട്ടുകൾ അദ്ദേഹം രചിച്ചു. “ഉണർവിൻ പാട്ടുകൾ പാടൂ, ഉണർവിൻ ചിന്തകൾ പടരട്ടെ” എന്ന പാട്ട് കാലത്തിന്റെ വിളിയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ കാണുന്ന വിപ്ലവം വെറും രാഷ്ട്രീയമായതല്ല,അത് മനുഷ്യനെ മനുഷ്യനാക്കാനുള്ള ആത്മീയ വിപ്ലവം ആയിരുന്നു.
വയലാറിന്റെ കവിതകൾ അതിന്റെ സാഹിത്യ മൂല്യങ്ങൾ കൊണ്ടും സവിശേഷത കൊണ്ടും ശ്രദ്ധേയമാണ്. എല്ലാകവിതകളും അദ്ദേഹത്തിന്റെ ജീവിതബോധത്തെയും വികാരസമ്പത്തിനെയും വെളിപ്പെടുത്തുന്നു. അദ്ദഹത്തിന്റെ കവിതകളിൽ കാണുന്ന ലളിതഭാഷയും സംഗീതീയതയും വായനക്കാരനെ നേരിട്ട് ഹൃദയത്തിൽ തൊടുന്നതായിരുന്നു.നാടക ഗാനങ്ങളിലൂടെയും വയലാർ തന്റെ മികവ് തെളിയിച്ചു. കെ. ടി. മുഹമ്മദ്, എൻ. എൻ. പിള്ള, ടി. എൻ. ഗോപാലൻ തുടങ്ങിയ നാടകകാരന്മാരുടെ നാടകങ്ങൾക്ക് വേണ്ടി എഴുതിയ പാട്ടുകൾ ആ കാലഘട്ടത്തിലെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.ഈ നാടക ഗാനങ്ങളൊക്കെയും ഇന്ന് നാടകവേദികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ പാട്ടിലും മണ്ണിന്റെയും മനുഷ്യന്റെയും മണം ഉണ്ടായിരുന്നു.വയലാറിന്റെ വരികൾക്ക് ഒരു പ്രത്യേകതയുണ്ട്,അവ പ്രണയത്തെയും വേദനയെയും ഒരുപോലെ മൃദുവായി അവതരിപ്പിക്കുന്നു.പ്രണയം അദ്ദേഹത്തിനായി വേദനയുമായും പ്രതീക്ഷയുമായും ചേർന്ന ആത്മാനുഭവമായി മാറുന്നത് കാണാം.
മലയാള ഗാനലോകത്തിൽ വയലാർ കൊണ്ടുവന്ന വിപ്ലവം സംഗീതത്തിന്റെ അതിരുകൾ കടന്നതായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നവർക്ക് അത് വെറും സംഗീതാനുഭവമല്ല, ജീവിതാനുഭവമാണ്. മണ്ണിന്റെ മണം നിറഞ്ഞ കവിതകൾ അദ്ദേഹത്തെ മറ്റു കവികളിൽ നിന്ന് വേറിട്ടു നിർത്തുന്നു.കവിതകളിലെല്ലാം ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യം അത്ഭുതകരമായി പകർത്തിയിരിക്കുന്നതും കാണാം.വയലാറിന്റെ ഗാനങ്ങൾ അത്രയും കാലാതീതമാണ് എന്നതിന്റെ തെളിവാണ് ഇന്നും അവ വൈറലാകുന്നത്. യൂട്യൂബ്, സോഷ്യൽ മീഡിയ, സംഗീതമേളകൾ എന്നിവയിലൂടെ പുതുതലമുറ അദ്ദേഹത്തിന്റെ പാട്ടുകൾ പുതുമയോടെ ആസ്വദിക്കുന്നു.പുതിയ തലമുറയിലെ സംഗീതജ്ഞർ അദ്ദേഹത്തിന്റെ വരികൾക്ക് പുതിയ സ്വരങ്ങൾ നൽകുമ്പോഴും, അതിന്റെ ആത്മാവിൽ മാറ്റമില്ല.അതാണ് വയലാറിന്റെ മഹത്വം. കാലം കടന്നാലും അദ്ദേഹത്തിന്റെ പാട്ടുകൾ പുതുമയുള്ള രീതിയിൽ തന്നെ നിലനിൽക്കുന്നു.

അദ്ദേഹത്തിന്റെ ജീവിതം സ്വപ്നങ്ങളുടെയും വേദനകളുടെയും സമന്വയമായിരുന്നു. പ്രശസ്തിയും അംഗീകാരവും അദ്ദേഹത്തെ മാറ്റിയില്ല; ജനങ്ങളോടുള്ള സ്നേഹവും സഹാനുഭൂതിയും അവസാന നിമിഷംവരെ നിലനിർത്തിയ കവി. “മരണമെന്നത് എനിക്കൊരു സ്വപ്നം, ജീവിതം അതിനോടൊപ്പം പാടിയ ഗാനം” എന്ന അദ്ദേഹത്തിന്റെ ആത്മാഭിപ്രായം, ജീവിതത്തെക്കുറിച്ചുള്ള അതിശയകരമായ കാഴ്ചപ്പാടാണ്.1975 ഒക്ടോബർ 27ന് വയലാർ രാമവർമ്മ എന്ന നാൽപ്പത്തേഴ്കാരൻ ഈ ലോകത്തോട് വിടവാങ്ങിയപ്പോൾ, മലയാളകവിതക്കും മയലാള സിനിമാ സംഗീത ലോകത്തിനും തന്റെ ഹൃദയം നഷ്ടപ്പെട്ട പ്രതീതിയായിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകൾ അതിനുശേഷം അനർഗളമായി ഒഴുകിക്കൊണ്ടേയിരുന്നു. ഓരോ സംഗീതവേളയിലും, ഓരോ കവിതാപാരായണത്തിലും വയലാറിന്റെ ശബ്ദം ഇന്നും മുഴങ്ങുന്നു. വയലാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് വെറും ഓർമയല്ല, അത് ജീവിതഗന്ധിയാണ്.മനുഷ്യപക്ഷത്ത്നിലയുറപ്പിച്ച കവിയ്ക്ക് “ഈ മനോഹര തീരത്ത് നൽകുമോ ഇനിയൊരു ജന്മം കൂടി”എന്ന് ചോദിച്ചാൽ അതിൽ തെറ്റില്ല എന്നു പറയാം.
കണ്ണുനീരും സ്വരമാകും,
സത്യവും കവിതയാകും. വയലാറിന്റെ പാട്ടുകൾ മനുഷ്യന്റെ ആത്മാവിനൊപ്പം ജീവിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ വരികൾ കാലം എത്രകടന്നുപോയാലും പഴകുകയില്ല,മലയാള കവിതയും നാടക-സിനിമാ ഗാനങ്ങളും പാടുമ്പോൾ, അതിന്റെ നാഡിയിലൂടെ ഇപ്പോഴും ഒഴുകുന്നത് വയലാറിന്റെ ശബ്ദംത്തന്നെയാണ്.വയലാർ പാട്ടെഴുതാനിരുന്ന നെയ്യാറിലെ പുളിമരവും അങ്ങിനെ നിൽക്കുകയാണ് പ്രിയകവിയുടെ ഓർമയും പേറി.
