
വരുമാനം വർദ്ധിപ്പിക്കാൻ പുത്തൻ പദ്ധതികളുമായി കെഎസ്ആർടിസി
- കൊറിയർ, കുടിവെള്ള, വിൽപ്പന തുടങ്ങിയ വിപുലമാക്കാൻ നീക്കം
കൊല്ലം: ടിക്കറ്റിതര വരുമാനം കൂടിയതോടെ കൊറിയർ, കുടിവെള്ള വിൽപ്പന തുടങ്ങിയ വിപുലമാക്കാൻ കെഎസ്ആർടിസി. നിലവിൽ 47 ഡിപ്പോകളിലാണ് കൊറിയർ സംവിധാനമുള്ളത്. മറ്റ് ഡിപ്പോകളിലും വൈകാതെ കൊറിയർ സർവീസ് ആരംഭിക്കും.

ജീവനക്കാരുടെ കുറവുമൂലമാണ് മറ്റ് ഡിപ്പോകളിൽ തുടങ്ങാതിരുന്നത്. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ തുടങ്ങും. ഡോർ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയായി. ബിസിനസ് എക്സിക്യുട്ടീവുകളെ നിയോഗിച്ച് പരസ്യ വരുമാനം കൂട്ടാനും നടപടി ആരംഭിച്ചു. മികച്ച പ്രതികരണമാണ് പരസ്യം നൽകലിന് ലഭിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിലെ ഡിപ്പോ പരിസരങ്ങളിൽ വലിയ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനും ടെൻഡർ സ്വീകരിച്ചിട്ടുണ്ട്.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുടിവെള്ളംഇപ്പോൾ കെഎസ്ആർടിസി ഡിപ്പോകളിലും പമ്പുകളിലും വിൽക്കുന്നുണ്ട്. ഇതിനും ആവശ്യക്കാർ ഏറെയാണ്. സ്ത്രീകൾക്കും കുടുംബസമേതമെത്തുന്നവർക്കും പ്രത്യേകം മുറികളുള്ള എയർ കണ്ടിഷൻ ചെയ്‌ത കാത്തിരിപ്പു കേന്ദ്രങ്ങൾ തിരുവനന്തപുരം, കോഴിക്കോട് ബസ് സ്റ്റാൻഡുകളിൽ സജ്ജമാക്കിയിരുന്നു. കോർപ്പറേഷനും ഒരു സ്വകാര്യ കമ്പനിയും ചേർന്നാണ് ഇതിന് തുടക്കം കുറിച്ചത്. ഒരുമണിക്കൂർ കാത്തിരിപ്പുകേന്ദ്രത്തിൽ ചെലവഴിക്കുന്നതിന് 20 രൂപയാണ് നൽകേണ്ടത്. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപയാണ് ഈടാക്കുക.