വറ്റിവരണ്ട് പുഴകൾ; പ്രതിരോധ നടപടി വേണമെന്ന് നാട്ടുകാർ

വറ്റിവരണ്ട് പുഴകൾ; പ്രതിരോധ നടപടി വേണമെന്ന് നാട്ടുകാർ

  • വരൾച്ചക്കെതിരെ പ്രതിരോധ നടപടികൾ ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു

കുറ്റ്യാടി: ദിനംപ്രതി വേനൽചൂട് കടുത്തതോടെ പുഴകൾ വറ്റിത്തുടങ്ങി. മലയോരമേഖലയിൽ പുഴകളിലേക്കൊഴുകിയെത്തുന്ന നീർച്ചാലുകളും തോടുകളും വറ്റിയതോടെയാണ് കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ മലയോരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്. ഇതോടെ മലയോരമേഖല വരൾച്ചയിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ .

അതേ സമയം വരൾച്ചക്കെതിരെ പ്രതിരോധ നടപടികൾ ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചാത്തങ്കോട്ടുനട, പട്ട്യാട്ട്, മൂന്നാംകൈ തൊട്ടിൽപ്പാലം, കരി ങ്ങാട്, ഭാഗങ്ങളിൽ പുഴയിൽ നീരൊഴുക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കടന്തറപ്പുഴയിലും തൊട്ടിൽപ്പാലം പുഴയിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലെ മലയോരങ്ങളിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് നീർച്ചാലുകളെയും ചെറിയ ഉറവകളെയുമാണ്.

കുറ്റ്യാടിപ്പുഴയിലും ജലനിരപ്പ് കുറഞ്ഞു. ഇതോടെ പുഴകളുടെ പരിസരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. സാധാരണ ഏപ്രിലിൻ്റെ തുടക്കത്തിലാണ് പുഴകളിൽ വെള്ളം തീരെ കുറയുന്നത്. ഇത്തവണ പതിവിലും നേരത്തേ പുഴകൾ വറ്റിയത് കടുത്ത കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്കയുണർത്തുന്നുണ്ട്.

നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നീർച്ചാലുകളെയും ചെറിയ ഉറവകളെയും ആശ്രയിക്കുന്നുണ്ട്. പ്രതിരോധ നടപടികൾ ഉടൻ തുടങ്ങിയില്ലെങ്കിൽ ഏപ്രിൽ പകുതിയോടെ കുടിവെള്ള ക്ഷാമം നേരിടും. വരൾച്ചയെ പ്രതിരോധിക്കാൻ പഞ്ചായത്ത് പ്രത്യേക യോഗം വിളിക്കണം. കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിനു മുമ്പേ പഞ്ചായത്തുകൾ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രാധാന ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )