വാദ്യവിസ്മയമായി തായമ്പകോത്സവം; അദ്വൈത് ജി.വാര്യർ ജേതാവ്

വാദ്യവിസ്മയമായി തായമ്പകോത്സവം; അദ്വൈത് ജി.വാര്യർ ജേതാവ്

  • മട്ടന്നൂർ സ്വദേശികളായ ഗൗരീശങ്കർ രണ്ടാം സ്ഥാനവും ഗിരിശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

കൊയിലാണ്ടി : കൗമാരവാദ്യപ്രതിഭകൾ സൃഷ്ടിച്ച തായമ്പകയുടെ മനോഹാരിതയിൽ മുങ്ങി ആസ്വാദകരിൽ ആനന്ദം നിറഞ്ഞു. ശ്രീരുദ്ര ഫൗണ്ടേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച അഖില കേരള തായമ്പക മത്സരമാണ് അപൂർവ്വമായ വാദ്യാനുഭവത്തിൻ്റെ വേദിയായത്. ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൊച്ചു മിടുക്കരുടെ സംസ്ഥാനതല മത്സരത്തിൻ്റെ അരങ്ങായത് കുറുവങ്ങാട്ടെ നരിക്കുനി എടമന ക്ഷേത്രമാണ്‌.

വിവിധ ജില്ലകളിൽ നിന്നെത്തിയ മത്സരാർത്ഥികൾ കൊട്ടിക്കയറി ഗംഭീര പ്രകടനം കാഴ്ചവെച്ചത് കാണികൾക്ക് ഹരം പകർന്നു. പാലക്കാട് മഞ്ഞപ്പാറ അദ്വൈത്.ജി.വാര്യർ ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡൽ ജേതാവായി. മട്ടന്നൂർ സ്വദേശികളായ ഗൗരീശങ്കർ രണ്ടാം സ്ഥാനവും ഗിരിശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ പ്രമുഖ ചരിത്രകാരൻ ഡോ. എം.ആർ.രാഘവവാര്യർ തായമ്പക മത്സരം ഉദ്ഘാടനം ചെയ്തു. കെ.പി.പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാർ , എ.വാസുദേവശർമ്മ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രാഥമിക സെലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട 17 മത്സരാർത്ഥികൾ തായമ്പക അവതരിപ്പിച്ചു. തുടർന്ന് വിധികർത്താക്കളായ കലാനിലയം ഉദയൻ നമ്പൂതിരി , കല്ലൂർ ഉണ്ണികൃഷണൻ , കലാനിലയം സതീശൻ മാരാർ എന്നിവർ നടത്തിയ തായമ്പക ഡമോൺസ്ട്രേഷൻ ശ്രദ്ധേയമായി. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ താളവാദ്യ വിശേഷമായ തായമ്പകയുടെ ഭാവി യുവതലമുറയുടെ കൈകളിൽ ശോഭനമാണെന്ന് തായമ്പകോത്സവത്തിലെ മത്സരാർത്ഥികൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

ശ്രീരുദ്ര ഫൗണ്ടേഷൻ ചെയർമാൻ എൻ.ഇ.മോഹനൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി നഗരസഭാ ചെയർ പേർസൺ സുധ കിഴക്കേപ്പാട്ട് അനുമോദനഭാഷണം ചെയ്തു. പ്രമുഖ കലാനിരൂപകൻ എൻ.പി.വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ബിന്ദു.പി.ബി, രാജു മാസ്റ്റർ, എൻ.ഇ.ഹരികുമാർ , പ്രജേഷ്.ഇ.കെ എന്നിവർ സംസാരിച്ചു.
വാദ്യകലാരംഗത്തെ നിരവധി പ്രമുഖരുടെയും വിദ്യാർത്ഥികളുടെയും ആസ്വാദകരടെയും ഒത്തുചേരൽ വേദിയായി തായമ്പകോത്സവം മാറി .

സാരംഗ സ്മൃതി – ഫോട്ടോ പ്രദർശനം

മൺമറഞ്ഞ വിഖ്യാത തായമ്പക പ്രതിഭകളുടെ ഫോട്ടോ പ്രദർശനം തായമ്പകോത്സവത്തിൽ ശ്രദ്ധേയമായി. തായമ്പകയ്ക്കും മേളത്തിനും ശൈലിയും മാർഗ്ഗദർശനവും നൽകി ജനപ്രിയമാക്കുന്നതിൽ മുൻനിരയിൽ നിന്ന വാദ്യ പ്രമുഖരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )