
വായന സംസ്കാരമായി മാറുമ്പോൾ മാനവികതരൂപപ്പെടുന്നു-യു.കെ. കുമാരൻ
- മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് ഉറൂബിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൻ്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കോഴിക്കോട് :ജീവിതത്തിൽ വായന ഒരു സംസ്കാരമായി മാറുമ്പോൾ മാനവികത
രൂപപ്പെട്ടു വരുമെന്ന് വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. തലമുറകളായി ലഭിച്ച ഒരു സിദ്ധി തന്നെയാണ് വായനയെന്നും, ശാന്തമായി ഒന്നിച്ചിരിക്കുമ്പോൾ ലഭിക്കുന്ന മാനസിക ഉല്ലാസം ഒരു മത്സരവിജയത്തിനും ലഭിക്കില്ലയെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോഴിക്കോട് റവന്യു ജില്ല സാഹിത്യ നഗരിയിലെ കലോത്സവത്തിനോടനുബന്ധിച്ച് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് ഉറൂബിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൻ്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക സമിതി ചെയർമാൻ രാജീവ് പെരുമൺ പുറ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ഡോ: ഖദീജമുംതാസ്, ഐസക് ഈപ്പൻ, ഡോ എ.കെ. അബ്ദുൽ ഹക്കീം, ഡോ: യു.കെ. അബുദു നാസ്സർ സാംസ്കാരിക സമിതി കൺവീനർ ബിജു കാവിൽ , എം.ജി.ബൽരാജ് വി.എം. അഷറഫ് ,രഞ്ജീഷ് ആവള ,സത്യൻ മുദ്ര എന്നിവർ സംസാരിച്ചു. വീരാൻകുട്ടിയുടെ കവിതയുടെ ദൃശ്യാവിഷ്കാരം, മോഹിനിയാട്ടം’, കീഴരിയൂർ കുറുവച്ചാൽ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ്, പി.ഭാസ്ക്കരൻ മാഷുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമാലിക,ഏകപാത്ര അഭിനയം, സംഗീത നൃത്തം എന്നിവ നടന്നു. സുനിൽ തിരുവങ്ങൂർ, സത്യൻ മുദ്ര, സുമേഷ് ,താമരശ്ശേരി എന്നിവർ നേതൃത്വം നൽകി.

