വിദേശ ബിരുദങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകും- യു.ജി.സി

വിദേശ ബിരുദങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകും- യു.ജി.സി

  • മെഡിസിൻ, നിയമം, നഴ്സിങ്, ഫാർമസി, ആർക്കിടെക്‌ചർ എന്നീ പ്രഫഷനൽ കോഴ്സുകൾക്ക് യു.ജി.സി തുല്യത സർട്ടിഫിക്കറ്റ് നൽകില്ല

ന്യൂഡൽഹി: രാജ്യത്തെ വിദേശ സർവകലാശാലകളിൽ നിന്ന് ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകാൻ ഒരുങ്ങി
യു.ജി.സി. ഇതുസംബന്ധിച്ച വിജ്ഞാപനം യു.ജി.സി പുറത്തിറക്കി. നേരത്തേ തുല്യത സർട്ടിഫിക്കറ്റ്’ നൽകിയിരുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയായിരുന്നു. ഇതാണ് സർക്കാർ തലത്തിലേക്ക് മാറ്റുന്നത്. തുല്യതക്കായി ഇന്ത്യയിലെ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുക്കും.അപേക്ഷകർ വിദേശരാജ്യങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിദേശബിരുദങ്ങൾ നേടി ഇന്ത്യയിലേക്ക് മടങ്ങി ജോലി തേടുമ്പോഴുള്ള കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

15 ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ്’ ലഭിക്കുമെന്നാണ് യു.ജി.സിയുടെ ചട്ടങ്ങളിലുള്ളത്.അതിനായി പ്രത്യേക ഓൺലൈൻ പോർട്ടലുണ്ടാക്കും. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷക്ക് പ്രത്യേകം ഫീസും ഈടാക്കും. മെഡിസിൻ, നിയമം, നഴ്സിങ്, ഫാർമസി, ആർക്കിടെക്‌ചർ എന്നീ പ്രഫഷനൽ കോഴ്സുകൾക്ക് യു.ജി.സി തുല്യത സർട്ടിഫിക്കറ്റ് നൽകില്ല.വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ അക്കാദമിക് യോഗ്യതകൾക്ക് തുല്യമായ ബിരുദങ്ങളുടെ അംഗീകാരവും വിതരണവും കാര്യക്ഷമമാക്കുന്നതിനായി പുതിയ തീരുമാനമെന്നാണ് യു.ജി.സിയുടെ വിശദീകരണം. അന്താരാഷ്ട്ര യോഗ്യത നേടി വിദേശത്ത് നിന്ന് മടങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )