
വിദ്യാർഥികളെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നടപടിയില്ല
- വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി
വെള്ളിമാട്കുന്ന്:വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി എടുക്കുന്നില്ല എന്ന് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ വെളളിയാഴ്‌ച എൻജിഒ ക്വാർട്ടേഴ്സ് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായ അബ്ദുൽ ബാസിത്തിനെയും വി. ഷഹനെയും മർദിച്ച പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഏതാനും വിദ്യാർഥികൾ ബാസിത്തിനെ മർദിച്ച് അവശനാക്കി ബോധരഹിതനാക്കിയത് സ്കൂൾ പരിസരത്തുവെച്ചാണ് .

വിദ്യാർഥിയെ അധ്യാപകർ തന്നെ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിതാവിനെ വിവരമറിയിക്കുകയും ചെയ്തു . പിന്നീട് വിദ്യാർഥിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് സ്കൂളിലെത്തിയ ബാസിത്തിനെ വീണ്ടും ദേഹോപദ്രവം ചെയ്യുകയുണ്ടായി. മുന്നേ ഉപദ്രവം ഉണ്ടായപ്പോൾ വിദ്യാർഥിയും പിതാവും പരാതിപ്പെട്ടിട്ടും പ്രിൻസിപ്പൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
പ്ലസ് വൺ വിദ്യാർഥിയായ ഷഹനെ മർദിച്ച് ഷോൾഡറിന് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെതുടർന്ന് പരാതിപ്പെട്ടപ്പോൾ പ്രിൻസിപ്പൽ പദവി വിട്ടാണ് രക്ഷിതാവിനോട് സംസാരിച്ചതെന്ന് രക്ഷിതാവ് ചേവായൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.