
വിറങ്ങലിച്ച് സൗദി; നാശം വിതച്ച് മഴ ഇന്നും നാളെയും തുടരും
- അല്‍ ബാഹയില്‍ മാത്രം 15 ഡാമുകള്‍ തുറന്നുവിട്ടു
- ഇടിമിന്നലും കാറ്റും ആലിപ്പഴ വര്‍ഷവും മഞ്ഞുവീഴ്ചയും തുടരുകയാണ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയില്‍ പെയ്ത മഴയിലും മഞ്ഞുവീഴ്ചയിലും വ്യാപക നാശനഷ്ടം. റോഡുകള്‍ തകരുകയും നിരവധി നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയും ചെയ്തു. അപകട ഭീഷണിയെ തുടര്‍ന്ന് നിരവധി ഡാമുകള്‍ തുറന്നുവിടുകയും മൂന്നു സ്ഥലങ്ങളില്‍ ചുരം റോഡുകള്‍ അടക്കുകയും ചെയ്തു.
സൗദിയുടെ ഏറ്റവും തണുത്ത പ്രവിശ്യയായ അസീര്‍ പ്രവിശ്യയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഉണ്ടായിട്ടുള്ളത് . ഖമീസ് മുശൈത്ത്, അബഹ, ബല്ലസ് മാര്‍, തനൂമ, അല്‍ നമാസ്, സബ്ത്തൂല്‍ ആലായ് എന്നി പ്രദേശങ്ങളിലാണ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിട്ടുള്ളത്. പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഇലക്ട്രിക് പോസ്റ്റുകള്‍ കാറ്റില്‍ പൊട്ടി വീഴുകയും ചെയ്തു. അല്‍ബാഹയില്‍ പാറക്കെട്ടുകള്‍ വീണതിനെ തുടര്‍ന്ന് മൂന്നു ചുരം റോഡുകള്‍ അടച്ചു ഹസന, ഖല്‍വ, അല്‍അബ്നാ, ദീമാ ചുരം റോഡുകളിലാണ് താത്കാലികമായി ഗതാഗതം നിരോധിച്ചിരിക്കുന്നത്.
അസീര്‍ പ്രവിശ്യയില്‍ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ്. ജിസാനിലെ വാദി ലജബിലും ശക്തമായ പേമാരിയുണ്ടായി. രണ്ടര അടി വരെ ഉയരത്തില്‍ റോഡുകളില്‍ മഞ്ഞ് വീണ് ഉറഞ്ഞു കിടന്നു. അല്‍നമാസില്‍ കനത്ത മഴക്കിടെയുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ പല വാഹനങ്ങളുടെ ഗ്ലാസുകള്‍ പൊട്ടി. ശക്തമായ മഞ്ഞു വീഴ്ച അല്‍ബാഹയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെടുത്തി. ഐസ് നീക്കം ചെയ്ത ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. തെക്കന്‍ മേഖലയായ അല്‍ ബാഹയില്‍ മാത്രം 15 ഡാമുകള്‍ തുറന്നുവിട്ടു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒരു വാഹനം ഒലിച്ചുപോയി. അല്‍ നമാസിലും അല്‍ ബാഹയിലും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും രൂക്ഷമായിതുടരുകയാണ്.
ഇന്ന് രാജ്യത്തിന്റെ ചില പ്രദേശങ്ങളെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കും. ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അസീര്‍, അല്‍ബാഹ, മക്ക, റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും, മദീന മേഖലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും തീവ്രതയിലുള്ള ഇടിമിന്നലുണ്ടാകുമെന്നാണ് പ്രവചനം. കനത്ത ആലിപ്പഴ വര്‍ഷവും ഉണ്ടാകാൻ സാധ്യതയുണ്ട്.