
വില്ലൻ ചുമയല്ല എന്നാൽ ചുമ വില്ലനാകും
- കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനം ദിന ജീവിതത്തെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്.
കൊയിലാണ്ടി: സംസ്ഥാനത്ത് വൈറസ് ബാധ കാരണത്താൽ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ വ്യാപകമാകുന്നു. വില്ലൻ ചുമയാേട് സാദൃശ്യമുണ്ടെങ്കിലും ഇത് വില്ലൻ ചുമയല്ലെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം. ചെറിയ പനിയും ജലദോഷവും ആയാണ് രോഗം തുടങ്ങുന്നത്. പിന്നീട് പനി മാറിയാലും ചുമയും ശ്വാസം മുട്ടലും വലിവും മാറാതെ നിൽക്കുന്ന അവസ്ഥയാണ് പലർക്കും. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻ ചുമയെ പോലെ ‘100 ദിനചുമ’ എന്നാണ് ഇപ്പോൾ ഇതിനെ വിളിക്കുന്നത്.
വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻ സീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിവയെല്ലാം രോഗകാരണമാവുന്നു. വൈറസ്ബാധ ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാവാം.
കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്. ആസ്ത്‌മയുള്ളവരിൽ സ്ഥിതി കൂടുതൽ മോശമാവുന്നുണ്ട്. മറ്റു ചിലരിൽ ആസ്ത്മയ്ക്ക് സമാന ലക്ഷണങ്ങളും ഉണ്ടാകുന്നു. അനിയന്ത്രിത ചുമ പ്രായമായവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രം പോകാൻ കാരണമാകുന്നു. പലരും ഇതിനും ചികിത്സതേടി എത്തുന്നുണ്ട്. ചുമ കാരണം നെഞ്ചിൻ കൂടിൽ വേദന അനുഭവിക്കുന്നവരുണ്ട്. ചുമച്ച് തലകറക്കം വരുന്നവരും ഏറെയാണ്.
ചുമ കൂടിയാൽ ഡോക്ടറുടെ നിർദേശമില്ലാതെ ചുമ മരുന്നുകൾ വാങ്ങിക്കഴിക്കരുത്. വൈറസ് രോഗമായതിനാൽ ആൻ്റിബയോട്ടിക്കുകൾ ആവശ്യമില്ല. കഴിവതും പൊടിപടലങ്ങളിൽനിന്ന് മാറി നിന്നാൽ ഒരു പരിധിവരെ ചുമയെ പ്രതിരോധിക്കാൻ കഴിയും.