
വിഷുവും സമൃദ്ധിയുടെ ‘പണ്ടാട്ടി’ വരവും
- ശിവനും പാർവ്വതിയും വേഷ പ്രച്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തുകയാണെന്നാണ് പണ്ടാട്ടി വരവിന് പിന്നിലെ ഐതീഹ്യം
കൊയിലാണ്ടി: വിഷു മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമകൾ പുതുക്കലിന്റെയും ദിനമാണ്. എന്നാൽ പുതിയ തലമുറക്ക് അന്യം നിന്നു തുടങ്ങുന്ന യഥാർത്ഥ മുഖമുണ്ട് വിഷുവിന്. മലയാളിക്ക് ആണ്ടിലൊരിക്കൽ വരുന്ന വിഷു സമൃദ്ധിയുടെ ക്ഷണിക്കൽ കൂടിയായിരുന്നു .
അങ്ങനെ വിഷു ഉണർത്തുന്ന ധാരാളം ചടങ്ങുകളുണ്ട്. ആണ്ടിലൊരിക്കൽ വന്നെത്തുന്ന ‘പണ്ടാട്ടി’യെ വരവേറ്റുകൊണ്ടാണ് കൊരയങ്ങാട് തെരുനിവാസികൾ വിഷു ആഘോഷത്തിന് വിരാമമിടുന്നത്. വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിൻ്റെ തുടക്കം. ഉണങ്ങിയ വാഴയില കൊണ്ട് വേഷം ധരിച്ച്, വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കാതിൽ അണിഞ്ഞ്. വാഴയില കൊണ്ട് തലയിൽ കിരീടം ചൂടി ചകിരി കൊണ്ട് മീശയും വെച്ചാണ് പണ്ടാട്ടി പുറപ്പെടുക. വീടുകളിൽ നിലവിളക്കും കണിവെള്ളരിയും നാളീകേരവും വെക്കും. വീടുകളിൽ പണ്ടാട്ടി കയറിയാൽ ചക്ക കായ് കൊണ്ടുവാ, മാങ്ങാ കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ടുവാ എന്ന് പണ്ടാട്ടി വിളിച്ചു പറയും. ഇത് പണ്ടാട്ടിയോടൊപ്പമുള്ളവർ ഏറ്റു വിളിക്കും. ഒടുവിൽ വെള്ളരിയും, നാളികേരവും, പണ്ടാട്ടിയോടൊപ്പമുള്ള പണ്ടാരം ചാക്കിൽ കൊണ്ട് പോകും. പണ്ടാട്ടി വീടുകളിൽ കയറുമ്പോൾ പടക്കങ്ങൾ പൊട്ടിക്കുന്നത് പതിവാണ്. ശിവനും പാർവ്വതിയും വേഷപ്രഛന്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തു കയാണെന്നാണ് ചടങ്ങിന് പിന്നിലെ ഐതീഹ്യം. പണ്ടാട്ടി വരവ് കാണാൻ നിരവധി പേരാണ് ഇവിടെ എത്തുക.