
വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും
- അഞ്ച് വർഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം
കോഴിക്കോട്: പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.മൊടക്കല്ലൂർ സ്വദേശി വെൺമണിയിൽ വീട്ടിൽ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ നൗഷാദലി പോക്സോ കേസിൽ ശിക്ഷിച്ചത്.

അഞ്ച് വർഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം. 2021ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത് . എട്ടുവയസുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഒരു ബന്ധുവിനോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഇവർ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചതിനെ തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. അത്തോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അത്തോളി എസ്ഐ ജിതേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി.ജിതിനാണ് ഹാജരായത്.
CATEGORIES News