
വെള്ളക്കെട്ടിൽ വിറച്ച് കോഴിക്കോട്
- പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: നിർത്താതെ തുടരുന്ന മഴയിൽ തണുത്തു വിറച്ച് കോഴിക്കോട്. തിങ്കളാഴ്‌ച മുതൽ മഴ ഇടതടവില്ലാതെ തുടരുകയാണ്. ജില്ലയിൽ പലയിടങ്ങളിലും ഗതാഗതം നിലച്ചു. പല പ്രദേശങ്ങളും വീടുകളും ഒറ്റപ്പെട്ടു. കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ രണ്ട് ഷട്ടറുകളുയർത്തി.
ശക്തമായ വെള്ളം ഉള്ളതിനാൽ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചെറുപുഴ,പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി നിൽക്കുന്നത് ഭീതി ജനിപ്പിക്കുന്നുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്ര ങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമിറക്കി.
അതേ സമയം കുറ്റിയാട് മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കടന്തറ പുഴയിൽ വെള്ളം കയറിയതിനെതുടർന്ന് പൃക്കന്തോട്, സെന്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക് മാറ്റിപാർപ്പിച്ചു.

ചാലിയാറിലും കടലുണ്ടി പുഴയിലും രണ്ടുമണിക്കൂറിൽ നാലു ഇഞ്ച് ഉയരത്തിൽ വെള്ളം പൊങ്ങുന്നുണ്ട് പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.തുടർച്ചയായി പെയ്‌ത ശക്തമായ മഴയിൽ ഇരവഴിഞ്ഞിപ്പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞതോടെ മലയോര മേഖല ബുദ്ധിമുട്ടിലായിരിക്കുകയാണ്.
മുക്കം നഗരസഭയിൽ നൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചു. പതിനെട്ടോളം വീട്ടുകാർ താമസിക്കുന്ന കരിമ്പിൽ ഭാഗത്ത് ഒമ്പതോളം വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത് . ചെറുപുഴയും പൂനൂർ പുഴയും, കളരാന്തിരിതോടും കരകവിഞ്ഞൊണ് ഒഴുകുന്നത്. ദേശിയ പാത 766 ൽ നെല്ലാംങ്കണ്ടി, വാവാട് സെന്റർ എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ട അവസ്ഥ തുടരുകയാണ്.
അതേ സമയം നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ രാമൻ പുഴ കരകവിഞ്ഞതിനെതുടർന്ന് പുഴ യോരത്തെ നൂറുകണക്കിന് വീടുകളിൽ വെ ള്ളം കയറി. നിരവധിപേർ വീടുകളിൽനിന്ന് ഒ ഴിഞ്ഞു. നിരവധി കുടുംബങ്ങളെ ബന്ധുവീടു കളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂളിൽ വെള്ളം കയറി. നടുവണ്ണൂർ പേരാമ്പ്ര സംസ്ഥാന പാതയിൽ കരുവണ്ണൂർ അങ്ങാടിയിൽ വെള്ളം കയറിയ തിനെതുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.