
‘വേനൽ മധുരം’പദ്ധതിക്ക് ജില്ലയിൽ തുടക്കം;പദ്ധതിക്ക് 25000 രൂപ ധനസഹായം
- കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് പങ്കെടുക്കാം
കോഴിക്കോട്:കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ ‘വേനൽ മധുരം’പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമങ്ങളിൽ തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വരുമാനം വർദ്ധിപ്പിക്കാനുമാണ് ശ്രമം. ഒപ്പം വേനൽക്കാലത്ത് ഗുണമേന്മയുള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട് . നിലവിൽ കൃഷിയിൽ പ്രാവീണ്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിൽ പലയിടങ്ങളിലായി 30 ഏക്കറോളം കൃഷി ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 80 ഏക്കറിൽ കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി ഓഫിസർമാരുടെ സാങ്കേതിക പിന്തുണയുമുണ്ട്.സാധാരണ രണ്ടര മുതൽ നാലുമാസം വരെയാണ് തണ്ണിമത്തൻ വിളയാനെടുക്കുന്ന സമയം. അതിനാൽ ഇപ്പോൾ ഇവ നടുന്നതിലൂടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തണ്ണിമത്തൻ വിളവെടുത്ത് വിപണിയിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിയും.

മുൻവർഷങ്ങളിൽ കടുത്ത വേനലിൽ തണ്ണിമത്തന് ലഭിച്ച സ്വീകാര്യതയാണ് തണ്ണിമത്തൻ കൃഷിക്ക് തുടക്കമിടാൻ കാരണമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ഓണക്കാലത്ത് പൂകൃഷിയിലുണ്ടായ മികച്ച വരുമാനം തണ്ണിമത്തനിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൂടുതൽ അയൽക്കൂട്ടാംഗങ്ങളെ കാർഷികമേഖലയിലേക്ക് എത്തിക്കാനും പദ്ധതി വഴി സാധിക്കും.പദ്ധതിക്ക് 25000 രൂപ ധനസഹായം ലഭിക്കും. തെരഞ്ഞെടുക്കുന്ന നിലവിലുള സംഘകൃഷി ഗ്രൂപ്പുകൾക്കും പുതിയ ഗ്രൂപ്പുകൾക്കും 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ട് കുടുംബശ്രീ സി.ഡി.എസുകൾ വഴി നൽകും. കുറഞ്ഞത് ഒരേക്കറിലെങ്കിലും കൃഷി ചെയ്യണം. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തിൽ നിന്ന് തിരിച്ചടക്കണം. വിളവെടുപ്പ് സമയത്തെ വിപണി വിലയ്ക്ക് അനുസൃതമായിട്ടാകും വിൽപ്പന. കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലും ഇതര മാർക്കറ്റുകളിലും തണ്ണിമത്തൻ വിൽക്കാൻ അവസരമുണ്ടാകും.