വ്യാപാരിയെ കാണാതായിട്ട് 10 മാസം

വ്യാപാരിയെ കാണാതായിട്ട് 10 മാസം

  • നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ ഇനിയും കണ്ടെത്താൻ കഴിയാതെ പോലീസ്. അതേ സമയം പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുന്നത്. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ പത്തുമാസം മുമ്പാണ് കാണാതായത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നാണ് മുഹമ്മദ് ആട്ടൂരെന്ന മാമിയെ കാണാതായത്. രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും പോയ മാമിയെ ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകീട്ട് നാല് മണിക്കും 6:50-നും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ഭാര്യ റംലത്ത് പറയുന്നത്. ഏഴുമണിക്ക് വീണ്ടും വാട്‌സ്ആപ്പിൽ മെസേജ് അയച്ചു. 7:20-ന് മറുപടി വന്നു. പിന്നീട് ഒരു വിവരവും ഇല്ലെന്നും റംലത്ത് പറയുന്നു. തൊട്ടടുത്ത ദിവസം മുഹമ്മദ് ആട്ടൂരിനെ വിളിച്ചിട്ട് കിട്ടാതിരുന്ന ചില ആളുകൾ തന്റെ ഫോണിലേക്ക് വിളിച്ചപ്പോളാണ് സംശയം തോന്നിയത്. ഡ്രൈവറെ വിളിച്ചപ്പോൾ അന്നേ ദിവസം ഒരു വസ്തുവിന്റെ രജിസ്ട്രേഷൻ ഉണ്ടെന്നുള്ള വിവരം കിട്ടുകയും രജിസ്ട്രേഷൻ നടത്താനുള്ള ആളെ വിളിച്ചപ്പോൾ മാമി എത്തും എന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ രജിസ്ട്രേഷന് എത്തിയില്ല എന്ന വിവരമാണ് പിന്നീട് ലഭിച്ചത്.

ആ ദിവസം തന്നെ പോലീസിൽ പരാതിയും നൽകി. പോലീസ് അന്വേഷണത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നതെന്നും 10 മാസം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനാകാത്തത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഭാര്യ റംലത്ത് പറയുന്നു.

കോഴിക്കോട് നഗരത്തിൽ നിന്ന് കാണാതായ ആളെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മാമിയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )