ശബരിമല മകരവിളക്ക്;സ്പോട്ട്  ബുക്കിംഗ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റി

ശബരിമല മകരവിളക്ക്;സ്പോട്ട് ബുക്കിംഗ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റി

  • പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഉണ്ട്

പത്തനംതിട്ട :ശബരിമലയിൽ മകരവിളക്കിനോടനുബന്ധിച്ച് തീർത്ഥാടകർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. ഇന്നലെ മുതൽ സ്പോട്ട് ബുക്കിംഗ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയതായി അദ്ദേഹം അറിയിച്ചു .നിലയ്ക്കലിൽ 10 കൗണ്ടറുകൾ ആരംഭിക്കുന്നുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവർ നിലയ്ക്കൽ ഇറങ്ങി സ്പോട്ട് ബുക്കിംഗ് ചെയ്‌ത ശേഷം പമ്പയിലേക്ക് വരണം.

ജനുവരി 12 മുതൽ 14 വരെ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാല്പ്പതിനായരം എന്നിങ്ങനെ നിജപെടുത്തും . ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് പൂർണമായിക്കഴിഞ്ഞു. ഇന്നലെ മുതൽ സ്പോട്ട് ബുക്കിംഗ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഉണ്ട്. ജനുവരി 12 ന് രാവിലെ എട്ടു മുതൽ 15 ന് ഉച്ച കഴിഞ്ഞ് രണ്ടു മണി വരെ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല . അത്യാവശ്യ വാഹനങ്ങൾ, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെ.എസ്.ആർ.ടി.സിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളിൽ ഭക്തരുടെ വാഹനങ്ങൾ ചാലക്കയം, നിലയ്ക്കൽ പ്ലാന്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )