
സംവാദങ്ങളുടെ ഉത്സവം നവംബർ 1 മുതൽ 3 വരെ
- മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യ സാംസ്‌കാരികോത്സവത്തിന് ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്
കോഴിക്കോട്: നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്ത് ഇനി സാഹിത്യത്തിന്റെയും കലയുടെയും ദിവസങ്ങൾ.മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യ സാംസ്‌കാരികോത്സവത്തിന് ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഹോർത്തൂസിൽ പങ്കെടുക്കാൻ എത്തുന്നത് രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും കലാകാരൻമാരുമാണ്. കലയും സംവാദവും കഥപറച്ചിലുമൊക്കെ നടക്കുന്ന ഈ 3 ദിവസങ്ങളിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി നൂറുകണക്കിന് ആളുകളാണ് വൊളന്റിയർമാരാകാൻ മുന്നോട്ടു വരുന്നത്.

ജില്ലയിലെ വിവിധ കോളജുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർഥികളും വിവിധ ജോലികൾ ചെയ്യുന്നവരും വൊളന്റിയർമാരാകാൻ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. വൊളന്റിയർമാരായി തിരഞ്ഞെടുത്തത് വിശദവിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ അയച്ച അനേകം പേരെ സാഹിത്യ സാംസ്കാരികമേഖലയിലെ അഭിനിവേശം എത്രയുണ്ടെന്നറിയാനുള്ള ലളിതമായ അഭിമുഖത്തിലൂടെയാണ് . ഇനിയും കൂടുതൽ പേർക്ക് അവസരം നൽകാനാണ് തീരുമാനം.