
സംസ്ഥാനത്തെ ആദ്യ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ
- നിർമാണ ചുമതല അദാനിക്ക്, വരുന്നത് പേ പാർക്കിംഗ് സൗകര്യം
വടകര :കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ. ടെർമിനലിന്റെ നിർമാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാത
വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ
ടെർമിനൽ ഒരുങ്ങുന്നത്. നിരവധി ട്രക്കുകളും ടാങ്കറുകളും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഡ്രൈവർമാർക്കും മറ്റു തൊഴിലാളികൾക്കും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും. കോഴിക്കോട് നഗരത്തിലേക്ക് ഇതര
സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ ദിവസേന ചരക്കുമായി എത്തുന്ന ട്രക്കുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ പാത
അതോറിറ്റി നടപ്പാക്കുന്നത്.

പേ പാർക്കിംഗ് സംവിധാനത്തിലാകും ടെർമിനൽ പ്രവർത്തിക്കുക.സ്ഥലം കണ്ടെത്താൻ സജീവ ശ്രമം നടക്കുകയാണ്. വടകരയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ പുതുപ്പണത്തിനും പാലോളിപാലത്തിനും ഇടയിലാണ് ടെർമിനൽ നിർമിക്കുകയെന്നാണ് സൂചന. കോഴിക്കോട് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരമുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ദേശീയ പാത അതോറിറ്റി സജീവമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ദേശീയ പാത നിർമാണത്തിൻ്റെ കരാർ അദാനി ഗ്രൂപ്പിനാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ ടെർമിനലിന്റെ പ്ലാൻ അദാനി ഗ്രൂപ്പിന് കൈമാറും.കോഴിക്കോട് നഗരത്തിൽ മാത്രമാണ് ട്രക്കുകൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാത്തതെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുംബൈ പോലുള്ള നഗരങ്ങളിൽ നിരവധി പാർക്കിംഗ് ടെർമിനലുകളാണ് ഉള്ളത്. സംസ്ഥാനത്തിന് ജി.എസ്.ടി വരുമാനംലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ട്രക്കുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും ഹെവി ആന്റ് ഗുഡ്സ് ട്രാസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കബാർ കല്ലേരി ആവശ്യപ്പെട്ടു.