
സംസ്ഥാനത്തെ കാപ്പി,നെല്ല് ഏലം, റബ്ബർ കർഷകർക്ക് ലോകബാങ്കിന്റെ കൈത്താങ്ങ്
- 9 മില്യൺ ഡോളർ (75.72 കോടി രൂപ) ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ കാപ്പി, ഏലം, റബ്ബർ കർഷകർക്ക് കൈത്താങ്ങാകാൻ ലോകബാങ്ക്. കർഷകരെ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും കാർഷിക സംരംഭകരെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.
അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ), പ്രത്യേകിച്ച് വനിതാ സംരഭകർക്ക് 9 മില്യൺ ഡോളർ (75.72 കോടി രൂപ) ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. ഏലം, വാനില, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മുൻനിര ഉത്പാദകരാണ് കേരളം. ഇന്ത്യയുടെ കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.പക്ഷെ, കാലാവസ്ഥാ വ്യതിയാനം ഈ നേട്ടങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും വിശാലമായ വിപണികളിൽ പ്രവേശിക്കാനുളള വെല്ലുവിളികളും സംസ്ഥാനത്തെ കർഷക കുടുംബങ്ങളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
200 മില്യൺ ഡോളറിൻ്റെ (1682 കോടി രൂപ) കേരള ക്ലൈമറ്റ് റെസിലന്റ്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ (കെഇആർഎ) പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപം നൽകിയിരിക്കുന്നത്. 4 ലക്ഷം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.മൂല്യവർധിത ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം കാപ്പി, ഏലം, റബ്ബർ എന്നിവയുടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ “ഫുഡ് പാർക്കുകൾ” ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഭക്ഷ്യ സംസ്‌കരണം, മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയ കാർഷിക ബിസിനസുകളുടെവികസനത്തിന് ആവശ്യമായ വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഈ പാർക്കുകളിൽ സജ്ജമാക്കുന്നതാണ്.

കർഷകരും കാർഷിക ബിസിനസുകളും തമ്മിൽ കൂടുതൽ ഉത്പാദനപരമായ കൂട്ടുകെട്ടുകൾ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നെല്ല് പോലുള്ള പ്രധാന ഭക്ഷ്യവിളകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും. ഉത്പാദനക്ഷമതയിലെ വർദ്ധന, കൃഷി ഉത്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ശക്തിപ്പെടുത്തൽ തുടങ്ങിയവ കേരളത്തിന്റെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും സഹായകമാകും.