
സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും
- മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെത്തോടെ തീരും. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്തെ എല്ലാ സ്‌കൂൾ പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.

സ്കൂളിൽ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പ്രധാനാധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്.
CATEGORIES News