
സംസ്ഥാന ചലച്ചിത്ര അവാർഡ്; സ്ക്രീനിങ് ആരംഭിച്ചു
- ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ
തിരുവനന്തപുരം:54-മത് സംസ്ഥാന ചലച്ചിത്ര അവാഡിന്റെ ഒരുക്കങ്ങൾ തുടങ്ങി. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്ക്രീനിങ് ആരംഭിച്ചു . ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർത്തിയാകും.
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളായുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ .ജെ. മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്‌ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌ൺ), ഡോ. ജോസ് കെ. മാനുവൽ, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു.