
സിഐടിയു പ്രവർത്തകൻ ജിതിന്റെ കൊലപാതകം; 8 പ്രതികളും കസ്‌റ്റഡിയിൽ
- കഴിഞ്ഞ ദിവസം രാത്രി പത്തോടെ കൊച്ചുപാലത്തിനു അടുത്തുണ്ടായ സംഘർഷത്തിലാണു ജിതിനു കുത്തേറ്റത്
പത്തനംതിട്ട:പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ മാമ്പാറ സ്വദേശി ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ടതിനെ തുടർന്ന് 8 പ്രതികളും കസ്‌റ്റഡിയിൽ. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണു അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി പത്തോടെ കൊച്ചുപാലത്തിനു അടുത്തുണ്ടായ സംഘർഷത്തിലാണു ജിതിനു കുത്തേറ്റത്.

പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് വ്യക്തമാക്കി.ജിതിന്റെ കൊലപാതകത്തിൽ 8 പേരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിട്ടുള്ളത്. പ്രതി വിഷ്ണു കാറിൽനിന്നു കത്തിയെടുത്തു ജിതിനെ കുത്തിയതായും എഫ്ഐആറിൽ പറയുന്നു. രാഷ്ട്രീയ കൊലപാതകം അല്ലെന്നും വ്യക്തിവൈരാഗ്യമാണു കാരണമെന്നുമാണു പൊലീസിന്റെ നിലപാട്.