
സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു
- 200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
പാലക്കാട് :സിനിമ ,സീരിയൽ നടി മീന ഗണേശ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു . സംസ്‌കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. പ്രശസ്ത നാടക, സിനിമാ നടൻ അന്തരിച്ച എ.എൻ.ഗണേശിന്റെ ഭാര്യയാണ്.

1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിനിമയിൽ സജീവമായത്. മീന ഗണേഷിൻ്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.കൂടാതെ വളയം, നഖക്ഷതങ്ങൾ, തലയണമന്ത്രം, വെങ്കലം, ഈ പുഴയും കടന്ന്, നന്ദനം തുടങ്ങി 200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

രണ്ട് വർഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.