
സുധീര മെമ്മോറിയൽ ഓയിസ്ക അവാർഡ് ഡോ:സുരേഷ് കുമാറിന് സമ്മാനിച്ചു
- കോഴിക്കോട് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു
കോഴിക്കോട്: ഒയിസ്ക ഇൻ്റർ നാഷണൽ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സുധീര
മെമ്മോറിയൽ അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിൻ ഫൗണ്ടർ ഡയറക്ടറും അശോക ഫെല്ലോയുമായ ഡോ. സുരേഷിന് സമ്മാനിച്ചു.
കോഴിക്കോട് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു. പെയിൻ ആൻ്റ് പാലിയേറ്റീവ് സെൻ്ററിൻ്റെ പ്രവർത്തനം സ്വന്തം കർത്തവ്യമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഡോ. സുരേഷിന് ലഭിച്ച അവാർഡ് പാലിയേറ്റീവിൻ്റെ പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ അരവിന്ദ് ബാബുവിൻ്റെ സഹധർമ്മണി സുധീരയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്. അമ്പതിനായിരത്തി ഒന്നു രൂപയും ആദരഫലകവും അടങ്ങുന്നതാണ് അവാർഡ്.

ഐ.പി.എംൻ്റെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും സഹകരണത്തിൽ പങ്കാളിയാക്കാനും ഓയിസ്കയ്ക്ക് ഇനിയും സാധിക്കട്ടെ എന്ന് മറുപടി പ്രസംഗത്തിൽ ഡോ. സുരേഷ് പറഞ്ഞു.
ഐ.പി.എം ഹാളിൽ നടന്ന യോഗത്തിൽ ഒയിസ്ക ജില്ലാ പ്രസിഡണ്ട് ഫിലിപ് കെ. ആൻ്റണി ആധ്യക്ഷം വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ. തോമസ് മാത്യു, പി. പി. സി. എസ്സ്. സെക്രട്ടറി സത്യപാലൻ, റിട്ടയേർഡ് അസിസ്റ്റൻ്റ് പാസ്പോർട്ട് ഓഫീസർ എം. സി. ദാസ്, സതീഷ് കുമാർ. സി. എന്നിവർ സംസാരിച്ചു.
സൗത്ത് ഇന്ത്യ ചാപ്റ്റർ മെമ്പർ പി.വി.അനൂപ് കുമാർ സ്വാഗതവും ജില്ലാ കമ്മിറ്റി സെക്രട്ടറി ജി.കെ.വേണു നന്ദിയും പറഞ്ഞു.