
‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ
- ഐആർസിടിസിയുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ ‘സൂപ്പർ ആപ്പെ’ത്തുന്നു. സേവനങ്ങൾ എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാനാണു നീക്കം. ഡിസംബർ അവസാനത്തോടെ ‘സൂപ്പർ ആപ്പ്’ സേവനങ്ങൾ നിലവിൽ വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഐആർസിടിസിയുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക.2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണ് നേടിയത്.റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താൻ കാരണമായി.വരുമാനത്തിനുള്ള മറ്റൊരു വഴിയായും ‘സൂപ്പർ ആപ്പി’നെ റെയിൽവേ കാണുന്നു. നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. നിലവിൽ ഐആർസിടിസി റെയിൽ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഇതേ ആപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാനും കഴിയും.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സൗകര്യം. ഭക്ഷണം ഓർഡർ ചെയ്യണമെങ്കിൽ മിക്ക യാത്രക്കാരും ഐആർടിസിയുടെ ഫുഡ് ഓൺ ട്രാക്ക് എന്ന മൊബൈൽ ആപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ ആപ്പ് ഉപയോഗിച്ച്, യാത്രക്കാരന് തൊട്ടടുത്ത സ്റ്റേഷനുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം.പുതിയ ആപ്പിൽ അൺ റിസർവ്‌ഡ് ടിക്കറ്റിംഗ് സിസ്റ്റം,നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഐആർസിടിസി റെയിൽ ടിക്കറ്റ് സേവനങ്ങൾ തുടങ്ങിയവ എല്ലാം ലഭ്യമാകും.
