
സൂര്യതാപം;ജില്ലയിൽ 26 പശുക്കൾ ചത്തു
- ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കന്നുകാലികൾ ചത്തതായി റിപ്പോർട്ട്
കോഴിക്കോട്: സൂര്യാതപമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ല മൃഗസംരക്ഷണ വകുപ്പ്. ജനുവരി മുതലുള്ള കണക്കാണ് ഇത്, എന്നാൽ ചൂട് കൂടിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്.
ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കന്നുകാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാതപമേറ്റ് ചത്ത കാലി ഒന്നിന് 16,400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സൂര്യാതപമേറ്റ് കാലി ചത്താൽ സമീപത്തെ മൃഗാശുപ്രതിയിൽ വിവരമറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും വേണം.പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിന് സമർപ്പിക്കേണ്ടത്. ചൂടു മൂലം വളർത്തുമൃഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, വായിൽനിന്ന് ഉമിനീർ വരൽ, നുരയും പതയും വരൽ, പൊള്ളിയ പാടുകൾ എന്നിവയാണ് സൂര്യാതപ ലക്ഷണങ്ങൾ. സൂര്യാതപമേറ്റാൽ ഉടനെ വെള്ളമൊഴിച്ച് നന്നായി നനക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം. ലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടണം എന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.