
സ്കൂൾ അവധി കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് മന്ത്രി വി ശിവൻകുട്ടി
- മന്ത്രിയുടെ നിർദ്ദേശത്തെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങളും ഉയർന്നു
കോഴിക്കോട്: സ്‌കൂൾ അവധി കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിഷയം പരിശോധിക്കാനായി നിയോഗിച്ച സമിതി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേൾക്കുമെന്നും കോഴിക്കോട് കാരന്തൂർ മർക്കസിൽ നടന്ന പരിപാടിയിൽ മന്ത്രി വ്യക്തമാക്കി. സ്കൂൾ അവധിക്ക് കടുത്ത ചൂടുള്ള മെയ് മാസവും കൂടുതൽ മഴയുള്ള ജൂൺ മാസവും പരിഗണിക്കാമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മന്ത്രിക്ക് മുന്നിൽ നിർദ്ദേശം വെയ്ക്കുകയും ചെയ്തു.

മഴ മൂലം ജൂൺ, ജൂലൈ മാസങ്ങളിൽ ഏറെ പ്രവൃത്തി ദിനങ്ങൾ നഷ്‌ടമാകുന്ന സാഹചര്യത്തിൽ മധ്യവേനൽ അവധി മഴക്കാല അവധിയാക്കുന്നതു സംബന്ധിച്ച ആലോചന വിദ്യാഭ്യാസ മന്ത്രി തന്നെയായിരുന്നു തുടങ്ങിവെച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങളും ഉയർന്നു. ഇതോടെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കാനായി ഒരു സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ഉൾക്കൊണ്ടായിരിക്കും തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.