
സ്നേഹത്തിന്റെ ഇഫ്താർ ബോക്സുകളൊരുക്കി വിമാന കമ്പനികൾ
- 30,000 അടി ഉയരത്തിൽ വച്ച് നോമ്പ് തുറക്കാൻ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ചില വിമാന കമ്പനികളും
അബുദാബി: റംസാൻ വ്രതാരംഭം തുടങ്ങിയതോടെ സ്നേഹത്തിന്റെ ഇഫ്താർ ബോക്സുകളൊരുക്കി വിമാന കമ്പനികൾ. 30,000 അടി ഉയരത്തിൽ വച്ച് നോമ്പ് തുറക്കാൻ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ചില വിമാന കമ്പനികളുടെ പ്രീമിയം ലോഞ്ചുകളിൽ പരമ്പരാഗത അറബി വിഭവങ്ങൾ ഉണ്ടാകും. ഇത്തിഹാദിന്റെ ലോഞ്ചുകളിൽ അതിഥികൾക്ക് പരമ്പരാഗത റംസാൻ റിഫ്രഷ്മെന്റുകളായ ലബൻ, വിംറ്റോ, കർക്കഡെ, ഈത്തപ്പഴ മിൽക്ക്, കുക്കുമ്പർ റിഫ്രഷർ, റോസ് മിൽക്ക് എന്നിവ നൽകും.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ എമിറേറ്റ്സ് ലോഞ്ചുകളിൽ പരമ്പരാഗത അറബിക് മധുരപലഹാരങ്ങൾ, ഈത്തപ്പഴം, കാപ്പി എന്നിവ റംസാനിൽ നൽകും. കൂടാതെ സൂപ്പ് മുതൽ ചിക്കൻ ബിരിയാണി വരെ അതിഥികൾക്ക് വിളമ്പും. അറബിക് പാചക രീതിയുടെ സമ്പന്നമായ രുചികൾ ആസ്വദിക്കാം. ഡെസേർട്ട് മെനുവിൽ വിംറ്റോ ചീസ് കേക്ക്, റോസ് ആന്റ് പിസ്താഷിയോ മഹലബിയ (പാൽ പുഡ്ഡിങ്), റംഗീന തുടങ്ങിയ റംസാൻ ട്രീറ്റുകൾ ഉൾപ്പെടും.
എമിറേറ്റ്സ് എയർലൈൻസ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ എമിറേറ്റ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിൽ ലഭ്യമായ ഭക്ഷണത്തിൽ ചൂടുള്ളതും തണുത്തതുമായ അറബിക് മെസ്സേ, ലെന്റിൽ സൂപ്പ്, തഹീനയ്ക്കൊപ്പം അറബിക് മിക്സസ്‌ഡ് ഗ്രില്ലിൻ്റെ പ്രധാന കോഴ്സുകൾ, ചിക്കൻ കബ്‌സ (സൗദി അറേബ്യയുടെ ദേശീയ വിഭവം) ഡാക്കസ് (തക്കാളി സോസ്), റൈത എന്നിവ ഉൾപ്പെടുന്നു.
ഇത്തിഹാദ് എയർവേയ്‌സ് പ്രീമിയം ക്യാബിനുകളിൽ, അതിഥികൾക്ക് വറുത്ത ചാമി (എമിറാത്തി ചീസ്) ഉള്ള പയറ് സൂപ്പ്, കുങ്കുമം ചോറിനൊപ്പം ആട്ടിറച്ചി- ഈത്തപ്പഴം അടങ്ങിയ മീറ്റ്ബോൾ, ഉമ്മു അലി ഡെസേർട്ട് (ഈജിപ്‌തിൻ ദേശീയ മധുരപലഹാരം) എന്നിവ പോലുള്ള പലഹാരങ്ങൾ കഴിക്കാം. ലഘുഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഇഫ്‌താർ സാലഡ് ഉണ്ടായിരിക്കുന്നതാണ്.