സ്നേഹത്തിന്റെ പയറ്റ് നടത്താൻ മുഹമ്മദ്‌

സ്നേഹത്തിന്റെ പയറ്റ് നടത്താൻ മുഹമ്മദ്‌

  • മുഹമ്മദ് ബിഹാർ മുണ്ടിയോടൻ വീട്ടിൽ എന്ന പേരുവെച്ച് മലയാളത്തിൽ തന്നെയാണ് പയറ്റു കത്തും അച്ചടിച്ചത്.

പേരാമ്പ്ര: പണം പയറ്റ് നമ്മുടെ നാട്ടിൽ സാധാരണമാണ്. ബിഹാറുകാരൻ മുഹമ്മദ് (27) സ്നേഹത്തോടെ ക്ഷണിക്കുകയാണ് തന്റെ പയറ്റിന്. അടുത്തയാഴ്ച പണം പയറ്റാണ്, വരണമെന്ന് മുഹമ്മദ് ക്ഷണിക്കുമ്പോൾ നാട്ടുകാരൊക്കെ ഉറപ്പുനൽകും. വർഷങ്ങളായി അവർക്കൊക്കെയും നാട്ടുകാരൻ തന്നെയാണ് മുഹമ്മദ്. സൗഹൃദത്തിന്റെ ഉറപ്പിൽ നടക്കുന്ന പണം പയറ്റെന്ന സാമ്പത്തിക ഇടപാടിൽ ഒരു ബിഹാറുകാരന്റെ പയറ്റ് ഒരു നല്ല അനുഭവം കൂടിയാവും എന്നത് തീർച്ച. ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ 21-ന് വൈകീട്ട് റഹ്മാനിയ ഹോട്ടലിൽ വെച്ചാണ് മുഹമ്മദിൻ്റെ പണംപയറ്റ് നടക്കുക.

ബീഹാറിലെ പുർവിക ചമ്പാരൻകാരനാണ് മുഹമ്മദ്. ഉലായത്തിനിയയുടെയും സലേഹ ഖാതൂനിന്റെയും മക്കളിൽ അഞ്ചാമൻ. എട്ടാം തരം വരെ പഠിച്ചതോടെ സ്കൂ‌ൾ വിദ്യാഭ്യാസം അവസാനിച്ചു. പത്തുവർഷംമുമ്പാണ് കേരളത്തിലെത്തിയത്. പാലേരി പാറക്കടവിലാണ് ആദ്യം ജോലി ചെയ്തത്. സഹോദരൻ മുഹമ്മദ് ഫിറോസാണ് ആദ്യം ജോലിതേടി കുറ്റ്യാടി ഭാഗത്തേക്ക് വന്നത്. പിന്നെ അഞ്ചു സഹോദരങ്ങൾ ഒന്നൊന്നായി കേരളത്തിലെത്തി.

പാറക്കടവിലെ വാടകക്കെട്ടിടത്തിലായിരുന്നു ആദ്യം താമസം. കൂലിപ്പണി ചെയ്‌തുകൊണ്ട് ഒരു വീട് വെച്ചു. ബിഹാറുകാരി തോഫിഖ ഖാതൂനിനെ വിവാഹം ചെയ്തു. ഇൽമ ഫാത്തിമയും ഹാരിസ് മുഹമ്മദും മക്കളാണ്. പാറക്കടവ് തോട്ടത്താങ്കണ്ടി റോഡിന് സമീപം അഞ്ചുവർഷംമുമ്പ് ഏഴുസെൻ്റ് സ്ഥലം വാങ്ങി. നാട്ടുകാരുടെകൂടി സഹായത്തോടെ 2019-ൽ ഓടിട്ട വീടുവെച്ചു. അതോടെ മുണ്ടിയോടൻ വീട്ടിൽ മുഹമ്മദായി.

കടം വീട്ടാൻ പണംപയറ്റ് കഴിക്കാൻ നാട്ടുകാരനായ ഒരു സുഹൃത്ത് ഉപദേശിക്കുകയായിരുന്നു. 2021-ൽ ആദ്യമായി പണം പയറ്റ് നടത്തി. 1.50 ലക്ഷം രൂപയും കിട്ടി. പാറക്കടവിലും ചെറിയകുമ്പളത്തും തോട്ടത്താങ്കണ്ടിയിലുമായി പരിചയത്തിലുള്ളവർക്കെല്ലാം പണംപയറ്റിന് പണം കൊടുത്തിട്ടുണ്ട്. ഇക്കുറി രണ്ടുലക്ഷത്തോളം രൂപ കിട്ടുമെന്നാണ് പ്രതീക്ഷ.

ബിഹാറിലെ ഭോജ്‌പുരിയാണ് മുഹമ്മദിന്റെ ഭാഷയെങ്കിലും മലയാളം നല്ലപോലെ വശമുണ്ട്. മുഹമ്മദ് ബീഹാർ മുണ്ടിയോടൻ വീട്ടിൽ എന്ന പേരുവെച്ച് മലയാളത്തിൽതന്നെയാണ് പയറ്റു കത്തും അച്ചടിച്ചത്. "ഞാനിപ്പോൾ ഈ നാട്ടുകാരൻ തന്നെയാണ്. ഇന്റസ്ട്രിയൽ ജോലിയാണിപ്പോൾ. യാത്രക്ക് സ്വന്തം ഓട്ടോയുണ്ട്. രേഖകളെല്ലാമായി. മഹല്ലിൽവരെ അംഗത്വമുണ്ട്..." -മുഹമ്മദ് കേരള നാട്ടിലെ ജീവിതത്തെപ്പറ്റി പറഞ്ഞു. ബിഹാറിൽ 500- രൂപയൊക്കെയാണ് കൂലി. അത് പലവിധത്തിൽ വേഗം തീർന്നു പോകും. ഇവിടെ ചുരുങ്ങിയത് 700 - രൂപകിട്ടും. മുഹമ്മദിന്റെ ഒരു സഹോദരൻ ഒഴികെ ബാക്കി ഉള്ളവരെല്ലാം കേര ളത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )