സൗഖ്യം സദാ; പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം

സൗഖ്യം സദാ; പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം

  • ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും

തിരുവനന്തപുരം: ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22 ഞായറാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ വച്ച് മന്ത്രി വീണ ജോർജ് നിർവഹിക്കും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ സ്പാർക്ക് പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ചാണ് പരിപാടി. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങൾ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബർ 21 മുതൽ ആരംഭിക്കുന്ന എൻ.എസ്.എസ്. ക്യാമ്പുകളിൽ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വിദ്യാർഥികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ സ്‌പാർക്ക് പദ്ധതി പ്രമേയങ്ങൾ ഉൾക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തുന്നു. അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും ഇവർ അവബോധ പ്രവർത്തനം നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )