
സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം
- ‘പാൻ 2.0’ പ്രാബല്യത്തിൽ സൗജന്യമായി പാൻ കാർഡ് അപ്ഗ്രേഡ് ചെയ്യാം
ന്യൂഡൽഹി :ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘പാൻ 2.0′ എന്ന പേരിലുള്ള പുതിയ കാർഡ് ബിസിനസ് സംരംഭങ്ങൾക്കുള്ള ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന സങ്കൽപത്തിലാണ് പുറത്തിറങ്ങുക. ഉപയോക്താക്കൾക്ക് നിലവിലുള്ള പത്തക്ക നമ്പർ മാറാതെതന്നെ സൗജന്യമായി ‘പാൻ 2.0’ലേക്ക് മാറാം.ഓൺലൈനായി ഇത് ചെയ്യാനാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

1435 കോടി രൂപ മുടക്കിയുള്ള പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ബിസിനസ് ആവശ്യങ്ങൾക്കായി പൊതു തിരിച്ചറിയൽ കാർഡ് എന്നതാണ് ഇത് . നിലവിൽ 78 കോടി കാർഡുടമകളാണുള്ളത്. ഇതിൽ 90 ശതമാനത്തിൽ പരം ഉപയോക്താക്കളും തങ്ങളുടെ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഡ് അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ സൈബർ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. ക്യൂ ആർ കോഡ് സഹിതമായിരിക്കും പുതിയ കാർഡ്. ആദായനികുതി സംബന്ധിച്ച ഇടപാടുകൾ എളുപ്പമാക്കാൻ ഇതുവഴി സാധിക്കും.
എങ്ങനെ അപ്ഗ്രേഡ് ചെയ്യാം?
ഓൺലൈനായി ‘പാൻ 2.0’ ലേക്ക് മാറണമെന്ന് ക്രേന്ദ്രമന്ത്രിയും ആദായനികുതി വകുപ്പും പറഞ്ഞുവെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ കാർഡ് തുടർന്നും ഉപയോഗിക്കാൻ സാധിക്കും.
