
സൽമാൻ റുഷ്ദിയുടെ ” ദ സാത്താനിക് വേഴ്സ്” ഇന്ത്യയിലെത്തി
- രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്‌തകം 36 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത്
ന്യൂഡൽഹി : ബ്രിട്ടീഷ്- ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്‌ദിയുടെ വിവാദമായ പുസ്തകം “സാത്താന്റെ വചനങ്ങൾ ”(The Satanic Verses) ഇന്ത്യയിലെത്തി. രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്‌തകം 36 വർഷങ്ങൾക്ക് ശേഷമാണ് പുസ്തകം ഇന്ത്യയിൽ എത്തുന്നത്. നോവലിലൂടെ റുഷ്‌ദി പ്രവാചകനിന്ദ നടത്തുകയാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് 1988ൽ കേന്ദ്രസർക്കാർ പുസ്തകം നിരോധിച്ചിരുന്നു. അതിനാൽ തന്നെ പുസ്തകം വിപണിയിലെത്തിയിരുന്നില്ല. എന്നാൽ നിലവിൽ പുസ്തകത്തിന്റെ പരിമിതമായ കോപ്പികൾ ഡൽഹിയിലെ ബഹ്റിസൺസ് ബുക്ക് സെല്ലേഴ്സിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള പുസ്തകം നിലവിൽ ബഹ്റിസൺസ് ബുക്ക് സെല്ലേഴ്‌സ് സ്റ്റോറുകളിൽ മാത്രമാണ് ലഭിക്കുന്നത്.

1988 ൽ രാജീവ് ഗാന്ധി സർക്കാർ നോവലിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു. പിന്നീട് പുസ്തകം വിദേശത്തുനിന്ന് വരുത്തുന്നതിനുള്ള നിരോധനം ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ 1988 ഒക്ടോബർ5 ലെ വിധി കണ്ടെത്താനായില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ നിരോധനം നിലവിലില്ല എന്ന് അനുമാനിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.