
ഹൈലൈറ്റ് മാളിന് മുന്നിലെ രണ്ടാം മേൽപാലവും തുറന്നു
- ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം തുറന്നതിനോടൊപ്പം നേരത്തെയുണ്ടായിരുന്ന പാലാഴി റോഡും ഇന്നലെ തുറന്നു
കോഴിക്കോട്:രാമനാട്ടുകര വെങ്ങളം ദേശീയപാതയിലെ വലിയ മേൽപാലത്തിൻ്റെ ഇരുഭാഗവും ഗതാഗതത്തിനു തുറന്നുകൊടുത്തു.ഇന്നലെ രാവിലെയാണ് ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലത്തിലെ രണ്ടാം ഭാഗം തുറന്നത്. രണ്ടാഴ്ച മുൻപ് കണ്ണൂർ ഭാഗത്തേക്കുള്ള 3 വരി മേൽപാലം തുറന്നിരുന്നു. ഇന്നലെ തുറന്നത് രാമനാട്ടുകര ഭാഗത്തേക്കുള്ളതാണ്. 696 മീറ്റർ നീളമുള്ള ഈ പാലമാണ് രാമനാട്ടുകര-വെങ്ങളം ദേശീയപാതയിലെ ഏറ്റവും നീളം കൂടിയത്. ഇരുഭാഗത്തേക്കും 13.5 മീറ്റർ വീതമാണു വീതി.

രാമനാട്ടുകര വെങ്ങളം റൂട്ടിൽ 7 മേൽപാലങ്ങളാണു നിർമിക്കാനുണ്ടായിരുന്നത്. അതിൽ 5 എണ്ണം തുറന്നു. രാമനാട്ടുകര, അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, തൊണ്ടയാട് എന്നിവയാണ് തുറന്നത്.തുറക്കാൻ ബാക്കിയുള്ളവ പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലെ മേൽപാലങ്ങളാണ്.ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം തുറന്നതിനോടൊപ്പം നേരത്തെയുണ്ടായിരുന്ന പാലാഴി റോഡും ഇന്നലെ തുറന്നു. നഗരത്തിലേക്കുള്ള ഈ റോഡ് മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഭാഗികമായി അടച്ചിരുന്നു.