
ട്രെയിനുകൾക്ക് ‘കവച്’ സുരക്ഷ സംസ്ഥാനത്തും
- ഷൊർണൂർ – എറണാകുളം സെക്ഷനിൽ കവചിന് തുടക്കം
തിരുവനന്തപുരം: ട്രെയിനുകൾ കൂട്ടിയിടിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്ന “കവച്’ സുരക്ഷാ സംവിധാനം കേരളത്തിലും. 106 കിലോമീറ്ററുള്ള ഷൊർണൂർ – എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 7228 കിലോമീറ്റർ പാതയിലാണ് 2200 കോടി രൂപ ചെലവിൽ പദ്ധതി ഈ വർഷം നടപ്പാക്കാൻ കരാർ ക്ഷണിച്ചിരിക്കുന്നത്.

റേഡിയോ ഫ്രീക്വൻസി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. ചുവന്ന സിഗ്നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. രാജ്യത്തെ 68,000 കിലോമീറ്റർ ട്രാക്ക് ശൃംഖലയിൽ 1465 കിലോമീറ്ററിൽ ഇപ്പോൾ ഈ സംവിധാനമുണ്ട്. 3000 കിലോമീറ്ററിൽ സ്ഥാപിക്കാനുള്ള ജോലി നടന്നു വരുന്നു.
ഓട്ടമാറ്റിക് സിഗ്നലിങ് ഉള്ള റൂട്ടുകളിൽ കവച് നിർബന്ധമാണ്. എറണാകുളം – ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് പ്രാരംഭ പ്രവർത്തനങ്ങൾ
നടന്നു വരികയാണ്.