
വടകര താഴെയങ്ങാടി പൈതൃകപദ്ധതി ടെൻഡർ നടപടി പൂർത്തിയാവുന്നു
- താഴെയങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
വടകര: വടകര താഴെയങ്ങാടിയെ പൈതൃകനഗരമാക്കുന്ന പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെയങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
താഴെയങ്ങാടി പൈതൃകപദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്ന് കെ.കെ. രമ – എംഎൽഎ. പറഞ്ഞു.

ഏഴുമാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. പഴയ കടൽപ്പാലംവരെ നവീകരിക്കാൻ ആലോചനയുണ്ട്. അതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എംഎൽഎ അറിയിച്ചു.
പണി പൂർത്തിയായാൽ വടകരയിലെ സാൻഡ്ബാങ്ക്സ് ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയെ താഴെയങ്ങാടിയുമായി ബന്ധപ്പെടുത്താൻ സാധിക്കും. ചുങ്കം ബീച്ച് സൗന്ദര്യവത്കരണം നടത്തിയാൽ സഞ്ചാരികളുടെ എണ്ണം കൂടും. പഴയ ഫർണിച്ചർ, ക്ലോക്കുകൾ, ലൈറ്റുകൾ, ഗ്രാമഫോണുകൾ തുടങ്ങി പൈതൃകമൂല്യമുള്ള മറ്റനേകം പുരാതനവസ്തുക്കൾ വിൽക്കുന്ന ആന്റിക് ഷോപ്പുകൾ, പള്ളി, കടൽപ്പാലം, സമീപത്തെ കുളം, മൈതാനം, പഴയ വീടുകൾ, പാണ്ടികശാലകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംരക്ഷിക്കാൻ കഴിയും.