
മണ്ണും മരങ്ങളും നീക്കാൻ 7 ദിവസം; ഡ്രഡ്‌ജർ ഇന്ന് ഷിരൂരിൽ
- ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്ത് വിശദമായ പരിശോധന നടത്തും.
ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഇന്നലെയാണു കാർവാർ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഡ്രഡ്‌ജറാണ് കൊണ്ടുവന്നിട്ടുള്ളത്. വെള്ളത്തിന്റെ അടിത്തട്ടിൽ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിൻ, പുഴയിൽ ഉറപ്പിച്ചു നിർത്താൻ രണ്ട് ഭാരമേറിയ തൂണുകൾ എന്നിവയാണ് ഡ്രഡ്‌ജറിന്റെ പ്രധാന ഭാഗങ്ങൾ. നാവിക സേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടിടത്താകും ആദ്യഘട്ട തിരച്ചിൽ നടത്തുക. ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങൾ അടക്കമുള്ളവയും നീക്കും. ഇതിനു മൂന്നു മുതൽ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുക്കൂട്ടൽ.