
പുഷ്‌പന് വിട നൽകി കോഴിക്കോട്
- കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്
കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്‌പന് വിട നൽകി കോഴിക്കോട്. പുഷ്‌പൻ ചികിത്സയ്ക്കെത്തിയിരുന്ന കോഴിക്കോട് നഗരത്തിൽനിന്ന് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി കണ്ണൂർ തലശ്ശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററിൽ ആയിരക്കണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിച്ച ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്
വിലാപയാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളിൽ ആംബുലൻസ് നിർത്തി പുഷ്‌പനെ അവസാനമായി ഒരുനോക്ക് കാണാനുള്ള അവസരം ജനങ്ങൾക്ക് നൽകും. വിലാപയാത്രയ്ക്കുശേഷം തലശ്ശേരി ടൗൺഹാൾ, ചൊക്ലി രാമവിലാസം സ്കൂൾ എന്നിവിടങ്ങളിലും പൊതുദർശനമുണ്ടാകും. ശേഷം വൈകീട്ട് അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടുപരിസരത്താണ് പുഷ്‌പൻ്റെ മൃതദേഹം സംസ്കരിക്കുക.
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.